മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി ടുറിസം നഗരി പാമ്പുഭീഷണിയില്. കഴിഞ്ഞ ഒന്നരമാസത്തിനകം ഉഗ്രവിഷമുള്ള 20 ഓളം പാമ്പുകളെയാണ് ജനങ്ങള്‍ പിടികൂടിയത്. കടപ്പുറത്തും, പാര്‍ക്കിലും, വഴിയോരത്തുമായി ഇതിനകം നാല് പേര്‍ക്ക് പാമ്പുകടിയുമേറ്റു.
മലമ്പാമ്പുകളാണ് പിടികൂടിയവയില്‍ ഏറെ. കടപ്പുറത്തെ കടല്‍ ഭിത്തി കല്ലുകള്‍ക്കിടയില്‍ വളര്ന്നുനില്ക്കുന്ന കാടുകളും, അടഞ്ഞു കിടക്കുന്ന ഗോഡൗണുകളും, സ്കൂള്‍ വളപ്പുകളിലെ ഉപയോഗശൂന്യമായ അവശിഷ്ടശേഖരവും, വളര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മരങ്ങളും, അവയിലെ പൊത്തുകളുമാണ് പാമ്പ് ശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് ഫയര്‍ സര്‍വ്വീസ്- സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത്. തീരദേശ മേഖലയോട് ചേര്‍ന്നുള്ള മട്ടാഞ്ചേരി ബസാറിലെ ഗോഡൗണുകള്‍ കാലാവസ്ഥ വ്യതിയാനത്തില്‍നിന്ന് പാമ്പുകള്‍ക്ക് സുരക്ഷിതതാവളമായി മാറുകയാണെന്നാണ് പരിസരവാസികള്‍ പറയുന്നത്.
കോര്പ്പറേഷന് മട്ടാഞ്ചേരി മേഖലാ ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ നിന്ന് രണ്ടുഘട്ടങ്ങളിലായി ഉഗ്രവിഷമുള്ള അണലി പാമ്പുകളെ മാസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം കൊച്ചി കടപ്പുറത്തിന് സമീപമുള്ള പലകേന്ദ്രങ്ങളില്നിന്ന് ആറോളം മലമ്പാമ്പുകളെ പിടികൂടി. കൂടാതെ സെന്റ് പോള്‍സ് സ്കൂള്‍ വകുപ്പ്, പട്ടാളം മാര്‍ക്കറ്റ്, ലോറല്ക്ലബ്, മട്ടാഞ്ചേരി ബസാര്‍, ഫോര്‍ട്ടുകൊച്ചി വെളി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍നിന്ന് പാമ്പുകളെ ജനങ്ങള്‍ പിടികൂടി.
ഫോര്‍ട്ടുകൊച്ചിയിലെ കടല്‍ഭിത്തി കല്ലുകള്‍ക്കിടയില്‍ നിന്നാണ് ഒരു മാസം മുമ്പ് ഒരാളെ പാമ്പുകടിയേറ്റ് ആശുപത്രിയിലാക്കിയത്. തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി കുട്ടികളുടെ പാര്‍ക്കിലും ഒരു യുവാവിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി വീണ്ടും പാര്‍ക്കില്‍ വെച്ച് ഒരു സ്കൂള്‍ കുട്ടിക്ക് പാമ്പുകടിയേറ്റു. മട്ടാഞ്ചേരിയില്‍ കാട് വെട്ടിതെളിക്കവെ ശുചീകരണതൊഴിലാളിക്ക് പാമ്പുകടിയേറ്റിരുന്നു.
ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് പാമ്പ് ഭീഷണി രൂക്ഷമായത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും ആശങ്കയുണര്‍ത്തിക്കഴിഞ്ഞു. രണ്ടാഴ്ചമുമ്പ് സ്പെയിനില്‍ നിന്നുമെത്തിയ വിദേശ വിനോദസഞ്ചാരികള്‍ കടപ്പുറത്ത് പിടികൂടിയ മലമ്പാനെകണ്ട് കടല്‍തീരത്തെ സന്ദര്‍ശനം ഒഴിവാക്കി യാത്രാപരിപാടി വെട്ടിച്ചുരുക്കി.
ഫോര്‍ട്ടുകൊച്ചി തീരത്തെത്തുന്ന മത്സ്യത്തൊഴിലാളികളെയാണ് പാമ്പുശല്യം ഏറെ വലയ്ക്കുന്നത്. മത്സ്യബന്ധനയാനങ്ങളിലെ വലകള്ക്കിടയിലും, ഉപകരണങ്ങള്ക്കിടയിലും ഒളിച്ചിരിക്കുന്ന പാമ്പുകളെ കടലിലെത്തുമ്പോഴാണ് ഇവര്‍ കാണുക. ഇത് ഏറെ അപകടമാണ് വരുത്തി വെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: