കട്ടക്ക്: രഹാനെയുടെയും ധവാന്റെയും തകര്‍പ്പന്‍ സെഞ്ച്വറി, സുരേഷ് റെയ്നയുടെ വെടിക്കെട്ട് അര്‍ദ്ധസെഞ്ച്വറി… പിന്നീട് ഇഷാന്ത് ശര്‍മ്മയുടെ മാരകബൗളിംഗ് ഇത്രയും മതിയായിരുന്നു ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം നേടാന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ത്യ 169 റണ്‍സിനാണ് ലങ്കയെ തകര്‍ത്തുകളഞ്ഞത്. ശ്രീലങ്കക്ക് വേണ്ടി ലഹിരു ഗമഗെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ടീം ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 194 റണ്‍സിന് ഓള് ഔട്ടായി. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ അജിന്‍ക്യ രഹാനെയുടെയും (111) ശിഖര്‍ ധവാന്റെയും (113) സുരേഷ് റെയ്നയുടെയും (52) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 363 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. രഹാനെയാണ് മാന്‍ ഒാഫ് ദി മാച്ച്.
ഏറെ നാളുകള്‍ക്കുശേഷം സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ ധവാനും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 231 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണിത്. നാലാം തവണയാണ് ഇന്ത്യ ഒന്നാം വിക്കറ്റില്‍ 200 റണ്‍സിലേറെ നേടുന്നത്. 2009-ല്‍ സെവാഗും ഗംഭീറും ചേര്‍ന്ന് 201 റണ്‍സ് നേടിയശേഷം ആദ്യമായാണ് ഇന്ത്യ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ ഡബിള്‍ സെഞ്ചുറി നേടുന്നത്. 35 ഓവറിലാണ് ധവാനും രഹാനെയും ചേര്‍ന്ന് 231 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. 108 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്സറുമടക്കമാണ് രഹാനെ 111 റണ്‍സെടുത്തത്. 107 പന്തില്‍ നിന്ന് 14 ഫോറും മൂന്ന് സിക്സറുമടക്കമാണ് ധവാന് 113 റണ്‍സ് അടിച്ചുകൂട്ടിയത്. പിന്നീട് റെയ്ന 34 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സറുമടക്കം 52 റണ്‍സ് നേടി സ്കോറിംഗിന് വേഗം കൂട്ടി. കോഹ്ലി 21 പന്തില്‍ നിന്ന് 22 റണ്‍സും അമ്പാട്ടി റായിഡു 20 പന്തില്‍ നിന്ന് 27 റണ്‍സും നേടി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ നാല് പന്തുകളില്‍ നിന്ന് രണ്ട് സിക്സറടക്കം 14 റണ്‍സുമായി അക്ഷര്‍ പട്ടേലും എട്ട് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമായിരുന്നു ക്രീസില്‍. ശ്രീലങ്കക്ക് വേണ്ടി രണ്‍ദിവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 10 ഓവറില്‍ 78 റണ്‍സാണ് വഴങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ഒരിക്കലും ഇന്ത്യന്‍ ബൗളിംഗ് നിരക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 43 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനെയാണ് ലങ്കന്‍ നിരയിലെ ടോപ്സ്കോറര്‍. ജയവര്‍ദ്ധനെക്ക് പുറമെ തീസര പെരേര (29), ഉപുല്‍ തരംഗ (28), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (23) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ 20ലേറെ റണ്‍സ് സ്കോര്‍ ചെയ്തത്. സംഗക്കാര 13 റണ്‍സെടുത്തും ദില്ഷന് 18 റണ്‍സെടുത്തും പ്രസന്ന അഞ്ച് റണ്‍സിന് മടങ്ങിയതും സിംഹളര്‍ക്ക് തിരിച്ചടിയായി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തതോടെ അവരുടെ ദയനീയ പരാജയം പൂര്‍ത്തിയായി. 8 ഓവറില്‍ 34 റണ്‍സ് വഴങ്ങി ഇഷാന്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതവും പിഴുതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: