മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണക്ക് വീണ്ടും തിരിച്ചടി. കഴിഞ്ഞയാഴ്ച നടന്ന എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്ന ബാഴ്സലോണ ഇന്നലെ സെല്‍റ്റ ഡീ വിഗോയോടാണ് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ അട്ടിമറി പരാജയം. പരാജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയില്‍ 22 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ ഗ്രനാഡയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത റയല്‍ മാഡ്രിഡ് ഈ സീസണില്‍ ആദ്യമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റാണ് റയലിനുള്ളത്. കോര്‍ഡോബയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് 23 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
സെല്‍റ്റ ഡി വിഗോക്കെതിരായ പോരാട്ടത്തില്‍ പന്ത് കൈവശംവെക്കുന്നതിലും കളിമികവിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മികച്ചു നിന്നെങ്കിലും മെസ്സിയും നെയ്മറും സുവാരസുമടങ്ങിയ ബാഴ്സക്ക് എതിര്‍വല കുലുക്കാനായില്ല. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 55-ാം മിനിറ്റിലാണ് ബാഴ്സയുടെ ഹൃദയം പിളര്‍ന്ന ഗോള്‍ പിറന്നത്. നോലിറ്റോയുടെ പാസില്‍ നിന്ന് ലാറിവേയാണ് സെല്‍റ്റവിഗോയുടെ വിജയ ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം ജെയിംസ് റോഡ്രിഗസിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് റയല്‍ മാഡ്രിഡ് ഗ്രനാഡയെ 4-0ന് തകര്‍ത്തെറിഞ്ഞത്. രണ്ടാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോയിലൂടെ സ്കോറിംഗ് തുടങ്ങിയ റയലിന് വേണ്ടി 31, 87 മിനിറ്റുകളില്‍ ജെയിംസ് റോഡ്രിഗസും 54-ാം മിനിറ്റില്‍ കരിം ബെന്‍സേമയും ലക്ഷ്യം കണ്ടു. 10 ലീഗ് മത്സരങ്ങളില്‍ നിന്ന് 17-ാം ഗോളുകളാണ് ക്രിസ്റ്റിയാനോ ഈ സീസണില്‍ ഇതുവരെ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ 4-2നാണ് കോര്‍ഡോബയെ കീഴടക്കി പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയത്. അത്ലറ്റികോക്ക് വേണ്ടി 43, 58 മിനിറ്റുകളില്‍ ഗ്രീസ്മെനും 62-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ചും 80-ാം മിനിറ്റില്‍ റൗള്‍ ഗാര്‍ഷ്യയും ഗോളുകള്‍ നേടിയപ്പോള്‍ കോര്‍ഡോബയുടെ രണ്ട് ഗോളുകളും സ്വന്തമാക്കിയത് ഗിലാസാണ്. മറ്റൊരു മത്സരത്തില്‍ മലാഗ 72-ാം മിനിറ്റില്‍ ജിമെനസ് ലോപ്പസ് നേടിയ ഏക ഗോളിന് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: