തിരുവനന്തപുരം: ഇ.എം.എസിനെക്കാള്‍ നന്നായി ആഭ്യന്തര വകുപ്പ് ഭരിച്ച് കഴിവുതെളിയിക്കാന്‍ അച്യുതമേനോന് കഴിഞ്ഞുവെന്ന് ചീഫ്വിപ്പ് പി.സി. ജോര്‍ജ്. അതുകൊണ്ടാണ് ഇ.എം.എസിന് അദ്ദേഹം മുഖ്യ ശത്രുവായത്. തെക്കുംഭാഗം മോഹന്‍ രചിച്ച ‘ജനാധിപത്യ കേരളത്തില്‍ അച്യുതമേനോന്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളംകണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമേനോന് ആയിരുന്നില്ല, കെ. കരുണാകരനാണ്. ന്യൂനപക്ഷ, പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപേകാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും കരുണാകരന് കഴിഞ്ഞു. അച്യുതമേനോനാകട്ടെ, മുഖ്യമന്ത്രിയാകാതിരിക്കാന്‍ ഒളിച്ചുനടന്നയാളാണ്.
അച്യുതമേനോന് അഴിമതിക്കാരനായിരുന്നില്ല. എന്നാല്‍, മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് ധൈര്യക്കുറവുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കുന്നതില്‍ ഒപ്പുവെച്ചത് ആരോ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധപൂര്‍വം ചെയ്യിച്ചതാണ്. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചു വിടേണ്ട സമയം കഴിഞ്ഞു.
കേരളത്തില്‍ ബിജെപി ആരുടേയും പിന്തുണയില്ലാതെ വലിയ ശക്തിയായി ഉയര്‍ന്നു വരുന്നുണ്ട്. തന്റെ കാഴ്ചപ്പാടുകളാണ് ശരിയെന്ന് ധരിക്കുകയും അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളാണ് ഇ.എം.എസ് നമ്പൂതിരിപ്പാടെന്ന് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന ചിന്ത അച്യുതമേനോനുണ്ടായിരുന്നു.
അത് ശരിയെന്ന് തെളിയിക്കുന്നതാണ് പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അച്യുതമേനോന്റെ കത്തുകള്‍. അച്യുതമേനോനെ പോലെ ബുദ്ധിയും അറിവും വിവേകവുമുള്ള ഒരു നേതാവിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ നീക്കം എന്തുകൊണ്ട് തിരിച്ചറിയാനായില്ലെന്നത് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിന്റെ ആദ്യ പ്രതി മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഏറ്റുവാങ്ങി. എം.ജി ശശിഭൂഷന്‍, ഡോ.വി. രാമന്‍കുട്ടി, ജോജോ ജോസഫ്, തെക്കുംഭാഗം മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: