തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് കൊല്ലത്ത് പ്രത്യേക കോടതി ആരംഭിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. തിരുവനന്തപുരത്തു നടന്ന ദേശീയ പട്ടികജാതി/വര്‍ഗ്ഗ കമ്മിഷന്റെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ മഞ്ചേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പ്രത്യേക കോടതികള്‍ ആരംഭിച്ചിട്ടുണ്ട്. കൊല്ലത്ത് കോടതി ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. പട്ടികജാതിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഏറെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു.
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം ഒരു മെഡിക്കല്‍ കോളേജ് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു സംരംഭം ആദ്യമായാണ്. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ 70 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പട്ടികജാതിക്കാരുടെ സാമൂഹ്യ സാമ്പത്തിക വികസനത്തിനായി വിവിധ ക്ഷേമപദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിവരുന്നു. വീടില്ലാത്തവര്‍ക്ക് ഭവന പദ്ധതി, ഭൂരഹിതര്‍ക്ക് ഭൂമി പദ്ധതി, സ്വയംപര്യാപ്ത ഗ്രാമപദ്ധതി, കൂടുതല്‍ പേര്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവ വകുപ്പ് നടപ്പാക്കിവരുന്നു.
ഐടി മേഖലയില്‍ പട്ടികജാതി യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമായിട്ടില്ല എന്ന പോരായ്മയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥാപനങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് തൊഴില്‍ സംവരണം നല്കുന്നതില് വിമുഖത പാലിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ ദേശീയ കമ്മീഷന്റെ സത്വരമായ ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
യോഗത്തില്‍ പട്ടികജാതി ദേശീയ കമ്മീഷന് ചെയര്മാന് ഡോ.പി.എല്‍. പുനിയ, വൈസ് ചെയര്മാന്, അംഗങ്ങള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, സംസ്ഥാന പോലീസ് മേധാവി, വിവിധ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: