കൊല്ലം: ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ അരിവില കുറയുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. ആന്ധ്രാ അരിയുടെ വില രണ്ടാഴ്ചക്കുള്ളില്‍ മൂന്നുമുതല്‍ അഞ്ചുരൂപ വരെയാണ് കുറഞ്ഞത്.
നേരത്തെ 34 രൂപ വരെയുണ്ടായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജയ, സുരേഖ ബ്രാന്റുകള്‍ ഇപ്പോള്‍ വില കുറഞ്ഞ് 29 വരെയായിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെ ഫലമായാണ് അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന അരിക്ക് വില കുറഞ്ഞിരിക്കുന്നതെന്ന് വ്യാപാരികളും സമ്മതിക്കുന്നു.
കേന്ദ്രഭക്ഷ്യവകുപ്പിന് കീഴിലുള്ള ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പുതിയ നയം അനുസരിച്ച് കൂടുതല്‍ അരി പൊതുമാര്‍ക്കറ്റിലേക്ക് കമ്പനികള്‍ നേരിട്ട് എത്തിക്കുകയാണ്. കൊല്ലത്തും കൊല്ലം വഴി ഏഴു ജില്ലകളിലേക്കും വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ആന്ധ്രാ അരിയോട് കിടപിടിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള മികച്ച നിലവാരമുള്ള പച്ചരിക്ക് 25 രൂപ മാത്രമാണ് വില.
എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇതിനെ കുറിച്ച് അജ്ഞരായതിനാല്‍ വരുംദിവസങ്ങളില്‍ മാത്രമെ വില്‍പ്പനയില്‍ മുന്നേറ്റം സാധ്യമാകു എന്നതാണ് വ്യാപാരികള്‍ക്ക് മുന്നിലുള്ള പ്രതിസന്ധി.
ഉത്തര്‍പ്രദേശിലെ ബറേലിയടക്കമുള്ള ജില്ലകളില്‍ വിളവെടുത്ത അരിയാണ് ഏറ്റവും മിതമായ വിലയ്ക്ക് കൊല്ലത്തെ കമ്പോളത്തില്‍ ലഭ്യമായിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള അരിക്കും ചില ജില്ലകളില്‍ മാര്ക്കറ്റുള്ളതാണ്.
ഇതിനും വിലയില്‍ കുറവുണ്ട്. ശബരിമല സീസണ് ഉള്‍പ്പെടെയുള്ള ഉത്സവസീസണില്‍ അയ്യപ്പന്മാര്ക്കും പൊതുജനങ്ങള്‍ക്കും ഏറെ ഗുണപ്രദമാണ് അരിവിലയിലുണ്ടായ കുറവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലത്ത് മൂന്ന് റേക്ക് അരിയാണ് യുപിയില്‍ നിന്നും ഇതിനകം എത്തിയിട്ടുള്ളത്. ഒരെണ്ണം ലൈനിലുണ്ട്. വരുംദിവസങ്ങളില്‍ ആവശ്യാനുസരണം കൂടുതല്‍ ലോഡ് ലഭ്യമാക്കാനാണ് മൊത്തവ്യാപാരികളും ഏജന്റുമാരും തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: