കോട്ടയം: ഭാരത പൗരത്വം ഉപേക്ഷിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാതിരുന്നിട്ടും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ജോലി നല്‍കിയെന്ന് അവകാശപ്പെട്ട പി. വി. അരുണ്‍കുമാര്‍ ഇല്ലാക്കഥ പറഞ്ഞ് മാധ്യമങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായി.
മണിമല സ്വദേശിയായ അരുണിന് നാസയില്‍ ജോലി കിട്ടിയിട്ടില്ലെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍, അരുണിനെതിരേ നിലവില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. സംഭവം പുറത്തുവന്ന ശേഷം അരുണിനെ ഫോണില്‍ പോലും ബന്ധപ്പെടാനാവുന്നില്ല. മകന് നുണവാര്‍ത്ത പ്രചരിപ്പിച്ചതില്‍ മനംനൊന്തും നാണക്കേട് ഭയന്നും രക്ഷിതാക്കള്‍ വീടുവിട്ടു ബന്ധുവീടുകളില്‍ അഭയം തേടി.അരുണും മുങ്ങിയിരിക്കുകയാണ്.
അരുണ്‍ ബി ടെക് ബിരുദം നേടിയിട്ടുണ്ട്. നാസയില്‍ ജോലി കിട്ടുക അരുണിന്റെ ആഗ്രഹവുമായിരുന്നു. ഇതിനായി അരുണ്‍ ചിലരുടെ സഹായത്തോടെ കേരളം വിട്ടു. നേപ്പാളില്‍ എത്തി അവിടെ നിന്ന് അമേരിക്കയിലേക്കു പോകുമെന്നാണ് പറഞ്ഞിരുന്നതെന്ന് രക്ഷിതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ നേപ്പാള്‍ യാത്രക്കിടെ കബളിപ്പിക്കപ്പെട്ട വിവരം അരുണ്‍ മനസിലാക്കി. അവിടെ ചില താല്‍ക്കാലിക ജോലി നേടി. പക്ഷേ, നാണക്കേടുണ്ടാകാതിരിക്കാന്‍ തനിക്ക് നാസയില്‍ ജോലി കിട്ടിയെന്ന് വീട്ടുകാരെയും നാട്ടുകാരെയും അരുണ്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. അവര്‍ അരുണിനെ വിശ്വസിച്ച് വാര്‍ത്ത പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ അവരെ വിശ്വസിച്ചു വാര്‍ത്തയും നല്കി. മറ്റു മാധ്യമങ്ങള്‍ക്കൊപ്പം ജന്മഭൂമിയും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
അമേരിക്കയിലെ ചില ഭാരതീയരാണ് അരുണിന്റെ അവകാശവാദങ്ങളിലെ ദുരൂഹത ആദ്യം കണ്ടെത്തിയത്. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മണിമല പോലീസ് അരുണിന്റെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അരുണ്‍ അമേരിക്ക സന്ദര്ശിച്ചിട്ടേയില്ലെന്ന് വ്യക്തമായി.
മാധ്യമങ്ങളെ ഒന്നടങ്കം തെറ്റിദ്ധരിപ്പിച്ചുവെങ്കിലും വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അരുണിനെതിരേ കേസെടുക്കാന്‍ ആവില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു മാധ്യമങ്ങള്‍ക്കൊപ്പം അരുണിന്റെയും മാതാപിതാക്കളുടെയും തെറ്റായ അവകാശവാദങ്ങള്‍ വാര്‍ത്തയാക്കിയതില്‍ ജന്മഭൂമി ഖേദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: