കല്‍പ്പറ്റ : വാണിജ്യ നികുതി വകുപ്പ് അനാവശ്യമായി കടപരിശോധന തുടര്‍ന്നാല്‍ സംസ്ഥാനത്ത് ഒട്ടാകെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിക്കാന്‍ ബത്തേരി വ്യാപാര ഭവനില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
നവംബര്‍ രണ്ടാം വാരത്തില്‍ കാസര്‍കോട്ടു നിന്നും സംസ്ഥാന വാഹന പ്രചരണ ജാഥ ആരംഭിച്ച് ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്ത് അവസാനിക്കും. അന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരവും സെക്രട്ടറിയേറ്റ് ഉപരോധവും സംഘടിപ്പിക്കും.
കടപരിശോധനയ്ക്കിടെ കണ്ടെത്തുന്ന ചെറിയ പിഴവുകള്‍ക്ക് പോലും വലിയ തുകയുടെ പ്രീ അസെസ്മെന്റ് നടത്തും. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലി ഈടാക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ ആരോപിച്ചു. വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിട്ട് കടകളില്‍ നിയമ വിരുദ്ധ റെയ്ഡുകള്‍ നടത്തുന്നതിനു പുറമെ വനിതാ ജീവനക്കാരെ കൊണ്ടുവന്ന് സ്ത്രീപീഡനത്തിനുവരെ കേസെടുക്കുകയാണ്.
ഇനി കേരളത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ പോലും ഈ രീതിയില്‍ പരിശോധന നടത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടി സമരം നടത്താനും അന്യായമായി നടത്തുന്ന കടപരിശോധനകള്‍ തടയാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സീസണ് എട്ടുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
സര്‍ക്കാരിന് നികുതി ഇനത്തില്‍ കോടിക്കണക്കിന് രൂപ നഷ്ടപ്പെടുന്ന ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിച്ച് നികുതിയ്ക്ക് വിധേയമാക്കണമെന്നും ബാങ്കുകള്‍ ഈടാക്കുന്ന അമിത പലിശയ്ക്കും മറ്റു ചാര്‍ജുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പ്രവര്‍ത്തന സമിതിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കെ. കെ. വാസുദേവന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത്, വൈസ് പ്രസിഡന്റുമാരായ പി.എ.എം. ഇബ്രാഹിം, മാരിയില്‍ കൃഷ്ണന് നായര്‍, ദേവസ്യ മേച്ചേരി, കുഞ്ഞാവുഹാജി, സെക്രട്ടറിമാരായ എ. അഹമ്മദ് ഷെരീഫ്, സെക്ട്രറിയേറ്റ് അംഗങ്ങളായ ജി. വസന്തകുമാര്‍, കെ. സേതുമാധവന്, എം.കെ. തോമസ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: