കാക്കനാട്(കൊച്ചി): സ്വകാര്യ മേഖലയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് അടുത്ത അധ്യയന വര്‍ഷവും പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാനുള്ള ചുമതല കാക്കനാട്ടെ സര്‍ക്കാര്‍ പ്രസ്സായ കെബിപിഎസിനു ലഭിക്കും.
നാലു കോടിയോളം പാഠപുസ്തകങ്ങളുടെ അച്ചടി ഓര്‍ഡറാകും കെബിപിഎസിനു ലഭിക്കുക. നടപ്പു അധ്യയന വര്‍ഷം 3.77 കോടി പാഠപുസ്തകമാണ് ഇവിടെ അച്ചടിച്ചത്. പുതിയ അച്ചടി ഓര്‍ഡറും രണ്ടു ടേം അനുസരിച്ചായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ കാര്യമായ പരാതികളില്ലാതെ പാഠപുസ്തകം അച്ചടിയും വിതരണവും നടത്തിയതു മുന്‍നിര്‍ത്തിയാണ് സ്വകാര്യ ലോബിയുടെ സമ്മര്‍ദ്ദം മറികടന്നും കെബിപിഎസിനു ഓര്‍ഡര്‍ ലഭ്യമായത്.
കെബിപിഎസില്‍ കടുത്ത പ്രതിസന്ധിയാണെന്നുള്ള പ്രചാരണം സര്‍ക്കാര്‍ തലത്തിലെത്തിക്കാന്‍ ആസൂത്രിത നീക്കം നടത്തിയാണു സ്വകാര്യ ലോബി പാഠപുസ്തക അച്ചടി ഓര്‍ഡര്‍ നേടിയെടുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നത്.
കെബിപിഎസില്‍ അച്ചടിച്ചു കൃത്യമായി ടെക്സ്റ്റ് ബുക്ക് ഡിപ്പോകളില്‍ എത്തിച്ച പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയും പ്രിന്റ് ഓര്‍ഡറിലെ എണ്ണം കുറച്ചും ചിലയിടങ്ങളില്‍ പുസ്തകം സമയത്തു ലഭിച്ചില്ലെന്നു വരുത്തി തീര്‍ക്കാനും ഈ അധ്യയന വര്‍ഷം സ്വകാര്യ ലോബികള്‍ ശ്രമം നടത്തിയിരുന്നു.
ഇതോടെ ഓഗസ്റ്റില്‍ ലഭിക്കേണ്ട പ്രിന്റ് ഓര്‍ഡര്‍ ഒക്ടോബര്‍ അവസാനമായിട്ടും ലഭിക്കാതെ വന്നതോടെ ജീവനക്കാര്‍ സംയുക്തമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതോടെയാണ് അനുകൂലമായ സാഹചര്യങ്ങള്‍ രൂപപ്പെട്ടത്. ഇതിനിടെ കെബിപിഎസ്സില്നിന്നും പാഠപുസ്തകങ്ങളുടെ അച്ചടി മലപ്പുറത്തെ സ്വകാര്യ പ്രസ്സിലേക്ക് മാറ്റാനുള്ള ഈ നീക്കങ്ങള്‍ ‘ജന്മഭൂമി’റിപ്പോര്‍ട്ട് ചെയ്യുകയും ഉണ്ടായി. ഇതോടെ അച്ചടി സര്‍ക്കാര്‍ പ്രസ്സിനെ തന്നെ ചുമതലപ്പെടുത്താന്‍ അന്തിമതീരുമാനം കൈക്കൊള്ളുകയായിരുന്നു.
പാഠപുസ്തകങ്ങളുടെ കവര്‍ ഉള്‍പ്പെടെ എല്ലാ പേജും ഡിസൈന്‍ ചെയ്ത് അച്ചടിക്കാനുള്ള പേപ്പര്‍ സഹിതമാകും കെബിപിഎസിനെ ഏല്‍പ്പിക്കുക. ഓഗസ്റ്റില്‍ ലഭിക്കേണ്ട അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രിന്റ് ഓര്‍ഡര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും കാക്കനാട്ടെ സര്‍ക്കാര്‍ പ്രസ്സായ കെബിപിഎസ് ഓഫീസില്‍ എത്തിയിരുന്നില്ല.
പ്രിന്റ് ഓര്‍ഡര്‍ ലഭിച്ചാലും ,അച്ചടിക്കാനുള്ള പേപ്പര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും കിട്ടണം. ഇതും വൈകാം. വൈകുന്തോറും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം യഥാസമയം നടക്കാതെയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: