തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നിരോധനമില്ല. എന്നാല്‍ കര്‍ശന നിയന്ത്രണം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി നല്കിയ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. അതുപ്രകാരം, പാരിസ്ഥിതിക, പൊതുജനാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വര്‍ഷങ്ങളായി ഫ്ലക്സ് ബോര്‍ഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകരുടെയും തൊഴിലാളികളുടെയും താല്പര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കും. ഉടനടി പൂര്‍ണനിരോധനം ഏര്‍പ്പെടുത്താതെ ഘട്ടംഘട്ടമായി നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ ചടങ്ങുകളിലും പരസ്യങ്ങളിലും ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. നിയമാനുസൃത അനുമതി കൂടാതെ പരസ്യാവശ്യത്തിനും പ്രചാരണത്തിനുമുള്ള ഫ്ലക്സുകള്‍ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല.
അനധികൃത ഫ്ലക്സുകള്‍ നീക്കം ചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണം. പൊതുസ്ഥലങ്ങളില്‍ പ്രതേ്യക അനുമതി കൂടാതെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി തടയും. ട്രാഫിക് തടസപ്പെടുത്തുന്ന രീതിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കില്ല. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍, നോട്ടീസുകള്‍, ഫ്ലക്സുകള്‍, എഴുത്തുകള്‍ എന്നിവ അടിയന്തിരമായി നീക്കംചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്കുമ്പോള് അനുവദിക്കപ്പെട്ട കാലാവധി, അപേക്ഷകന്റെ പേര്, ലൈസന്‍സ് നമ്പര്‍ എന്നിവ പരസ്യത്തില്‍ പ്രദര്‍ശിപ്പിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ ഫ്ലക്സ് ബോര്‍ഡുകള്‍ വയ്ക്കാന്‍ അനുമതി നല്കു. റോഡ് ഡിവൈഡറുകളിലും ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലും പ്രദര്‍ശനാനുമതി നല്‍കരുത്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും മറ്റു ഫ്ലക്സ് പരസ്യങ്ങളും 2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് (മാനേജ്മെന്റ് ആന്‍ഡ് ഹാന്റ്ലിങ്) ചട്ടങ്ങള്‍ പ്രകാരം നീക്കം ചെയ്യേണ്ടതാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഫ്ലക്സുകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ബദല്‍ നിര്‍ദേശത്തിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ആര്യാടന് മുഹമ്മദ്, മഞ്ഞളാംകുഴി അലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിരായിരുന്നു ഉപസമിതി അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: