കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലിനെതിരേ സമഗ്ര നിയമ നിര്‍മ്മാണം നടത്തണമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നത് നിരോധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ഒരു ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ അതു കോടതിവഴി തടയാനും കഴിയും. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സമഗ്രമായ നിയമനിര്‍മ്മാണമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഹര്‍ത്താല്‍ ആഹ്വാനം കുറ്റകരമാണെന്നും അതിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് കേസെടുക്കണമെന്നുമുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീക്ക്, ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ഈ നിര്‍ദേശം മുന്നില്‍വെച്ചത്.
ഹര്‍ത്താലുകള്‍ പൊതുജനങ്ങള്‍ക്കുണ്ടാക്കുന്ന നാശനഷ്ടം പരിഹരിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവ കര്‍ശനമായി നടപ്പാക്കേണ്ട സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് പല മുന്‍കാല ഉത്തരവുകളും നിലവിലുണ്ട്.
ഹര്‍ത്താല്‍ നിരോധനം നിലവിലുള്ളപ്പോഴും ആഹ്വാനമുണ്ടായാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു, വാഹനങ്ങള്‍ ഓടുന്നില്ല.
ജനങ്ങള്‍ പുറത്തിറങ്ങുന്നുമില്ല. ഇതു കോടതിക്ക് തടയാനോ നിയന്ത്രിക്കാനോ കഴിയില്ല. നാശനഷ്ടങ്ങള്ക്കെതിരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ കേസുകളുടെ വിശദാംശങ്ങളെടുത്താല് ഇത് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഇനിയെങ്കിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
പൊതു-സ്വകാര്യ മുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഹര്‍ത്താല്‍ ദിനത്തിലെ നാശനഷ്ടത്തിന് പൊതുജനങ്ങള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. ഹര്‍ത്താലുകള്‍ കേരളത്തില്‍ മാത്രമല്ല ഉള്ളത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ മുതലായ സംസ്ഥാനങ്ങളിലും അക്രമാസക്തമായ ഹര്‍ത്താലുകള്‍ കണ്ടുവരുന്നു. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധികളും പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഹര്‍ത്താല്‍ പ്രഖ്യാപന വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തുന്നത് നിരോധിക്കണമെന്നു പറയുന്നത് കാടത്തരമാണ്.മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. പൊതുജീവിതത്തെ അപകടകരമായി ബാധിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നും മാധ്യമങ്ങള്‍ സ്വയംനിയന്ത്രണം പാലിക്കണമെന്ന് കോടതി പറഞ്ഞു. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: