തിരുവനന്തപുരം: ഭാഗപത്ര രജിസ്ട്രേഷന് നികുതിയില്‍ വര്‍ധന വരുത്തിയത് ഇളവു ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പരാതികളും കണക്കിലെടുക്കും. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യം പരിഗണിച്ച് ഇടതുസര്‍ക്കാര്‍ വര്‍ധിപ്പിച്ച ഭാഗപത്ര നികുതി പുനഃസ്ഥാപിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. ഇതിനെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് അര്‍ഹതയില്ല. എന്നാല്‍ ഇതു സംബന്ധിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൂട്ടിയ ഭാഗപത്ര നികുതി എടുത്തുകളഞ്ഞ സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ കബളിപ്പിക്കാനാണ് നികുതിവര്ധനയെന്ന പേരില്‍ ഇപ്പോള്‍ പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. ഏത് നികുതിയാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതെന്ന് പ്രതിപക്ഷം പറയണം.
മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും നികുതി വര്‍ധിപ്പിച്ചത് കുറയ്ക്കണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ സര്‍ക്കാര്‍ വെള്ളക്കരം കൂട്ടിയപ്പോള്‍ എത്ര സമരങ്ങളാണ് ഉണ്ടായത്. എന്നിട്ടും ഒരു പൈസ പോലും കുറയ്ക്കാന്‍ അവര്‍ തയാറായില്ല.
നികുതി കൂട്ടുന്നത് സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനം അംഗീകരിച്ച മന്ത്രി കെ.എം മാണി പിന്നീട് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ജനാധിപത്യത്തില്‍ ഒരു തീരുമാനമെടുത്താല്‍ എല്ലാക്കാലത്തും നിലനില്ക്കണമെന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: