പാലാ: അങ്കമാലി- പുനലൂര്‍ പാതയുടെ ഭാഗമായ പാലാ- പൊന്‍കുന്നം റോഡില്‍ വാഹനയാത്ര ദുഷ്കരമായി. പാലാ- 12-ാംമൈല്‍, കടയം, പൂവരണി, പൈക, പൊന്‍കുന്നം, ആറാംമൈല്‍, അട്ടിക്കല്‍ ഭാഗങ്ങളില്‍ റോഡ് പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. മഴ പെയ്ത് റോഡില്‍ വെള്ളം നിറഞ്ഞാല്‍ കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങളും ഭാരം കയറ്റി വരുന്ന വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് സാധാരണയാണ്. മുരിക്കുംപുഴ കൊലകുന്ന് വളവില്‍ തടിലോഡുമായി വന്ന ലോറി റോഡിലെ കുഴിയില്‍പ്പെട്ട് മറിഞ്ഞത് ഒരുമാസം മുമ്പാണ്. പല വാഹനങ്ങളും മറിയാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രം.
ലോഡുമായി വന്ന ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് കുഴിയടക്കല്‍ പണി ഉടന്‍ നടത്തിയെങ്കിലും ഒരാഴ്ചത്തെ ആയുസ്സോ അതിനുണ്ടായുള്ളൂ. റോഡ് പഴയ അവസ്ഥയില്‍ പൊളിഞ്ഞ് വീണ്ടും വന്‍ കുഴികള്‍ രൂപപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാനപാതയുടെ അവസ്ഥയാണിത്.
ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കാന്‍ ഇനി രണ്ടാഴ്ച മാത്രമേ ബാക്കിയുള്ളൂ. തീര്‍ത്ഥാടനം തുടങ്ങിയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ പതിന്മടങ്ങാകും വാഹന സഞ്ചാരം. എന്നാല്‍ റോഡിന്റെ വികസന നടപടികള്‍ ആരംഭിച്ചതായി കെഎസ്ടിപി അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. സ്ഥലമെടുപ്പ് കഴിഞ്ഞതായും പാതയോരങ്ങളിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതായും പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന നവംബര്‍ പകുതിയോടെ തന്നെ റോഡിലെ കുഴികള്‍ നികത്തി അറ്റകുറ്റപ്പണികള്‍ തീര്‍ക്കും. റോഡ് വികസനം 250 കോടിയുടെ പദ്ധതിയാണെന്നും അത്യാധുനിക നിലവാരത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും കെഎസ്ടിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: