ആലപ്പുഴ: വിഭാഗീയത ശക്തമായതിനെ തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ സമ്മേളനം നിര്‍ത്തിവച്ചു. മുട്ടാര്‍ ലോക്കല്‍ കമ്മറ്റി സമ്മേളനമാണ് പിണറായി-വിഎസ് പക്ഷങ്ങള്‍ തമ്മിലുള്ള വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലോക്കല്‍ കമ്മറ്റിയിലേക്ക് പതിനൊന്നുപേരെയാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഇത് പതിമൂന്നാക്കി ഉയര്‍ത്തി. പക്ഷേ പതിമൂന്നുപേര്‍ വേണ്ടിടത്ത് പതിനാറുപേര്‍ മത്സരരംഗത്ത് ഉറച്ചുനിന്നതോടെയാണ് മേല്‍ കമ്മറ്റിയില്‍ നിന്ന് നിരീക്ഷകരായെത്തിയവര് സമ്മേളനം നിര്‍ത്തിവച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം ഡി. ലക്ഷ്മണനടക്കമുള്ളവരാണ് നിരീക്ഷകരായി ഉണ്ടായിരുന്നത്.
നിലവില്‍ വിഎസ് പക്ഷത്തിനാണ് മുട്ടാര്‍ ലോക്കല്‍ കമ്മറ്റിയില്‍ ആധിപത്യം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ മത്സരരംഗത്ത് വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കമ്മറ്റി പിടിച്ചെടുക്കുമെന്ന നിലപാടിലാണ് പിണറായി പക്ഷം. എന്നാല്‍ കാലങ്ങളായി തുടരുന്ന ആധിപത്യം വിട്ടുകൊടുക്കില്ലെന്ന നയമാണ് വിഎസ് പക്ഷത്തിന്റേത്. ഇതോടെ കുട്ടനാട്ടില്‍ ഇനി നടക്കാനിരിക്കുന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയതയും തമ്മിലടിയും ശക്തമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബ്രാഞ്ച് കോണ്‍ഫറന്‍സുകളില്‍ നേതാക്കളുടെ അഴിമതിയും അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളുമാണ് കൂടുതലും ചര്‍ച്ചയായത്. പാര്‍ട്ടിയെ ഉപയോഗിച്ച് സമ്പന്നരായ നേതാക്കളുടെ കഥകള്‍ കുട്ടനാട്ടില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടന്നതോടെ പാര്‍ട്ടി കമ്മറ്റികള്‍ പിടിച്ചെടുക്കുന്നതിനായി വിഎസ്-പിണറായി പക്ഷങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: