മാവേലിക്കര: സ്വകാര്യ ബസ് സ്റ്റാന്റിനുള്ളില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നു. പുറമെ നിന്നും സ്റ്റാന്റിലെത്തുന്നവര്‍ ബസ് ജീവനക്കാരെയും യാത്രക്കാരെയും കൈയേറ്റം ചെയ്യുന്നത് നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ നിരവധി സംഘര്‍ഷങ്ങളാണ് നടന്നത്. ഇവരെ പിന്തുണച്ചാണ് മിക്ക ദിവസങ്ങളിലും പുറമെ നിന്നുള്ള സംഘം സ്റ്റാന്റിലെത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയും ഇക്കൂട്ടരുടെ ശല്യം ഉണ്ടാകുന്നു. രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന നല്‍കാനായി മാത്രം എത്തുന്നവരുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നിരസ്സിക്കുന്ന പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് ശല്യം ചെയ്യുകയും മൊബൈലില്‍ ചിത്രം പകര്‍ത്തുകയും ചെയ്യുന്നു.
സംഘര്‍ഷം ഉണ്ടാകുമ്പോള്‍ വ്യാപാരികളടക്കമുള്ളവര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുമ്പോള്‍ മാത്രമാണ് പോലീസ് എത്തുന്നത്. സ്റ്റാന്റില്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പോലീസിനെ ജോലിക്കായി നിയോഗിക്കാറില്ല. സന്ധ്യ കഴിയുന്നതോടെ സ്റ്റാന്റ് മദ്യപന്മാരുടെ കേന്ദ്രമായി മാറുന്നു. ഇതു മൂലം സന്ധ്യക്കു ശേഷം സ്വകാര്യ ബസുകള്‍ കയറുന്നത് വിരളമാണ്. സാമൂഹ്യ വിരുദ്ധരില്‍ നിന്നും ബസ് സ്റ്റാന്റിനെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസ് തയ്യാറാകണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് മാവേലിക്കര മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: