മാവേലിക്കര: ജില്ലയിലെ ഷാപ്പുകളില്‍ വ്യാപകമായി വ്യാജകള്ള് വില്‍പ്പന നടക്കുന്നുവെന്ന റിപ്പോര്‍ട്ട് അട്ടിമറിക്കുന്നു. പരിശോധന റിപ്പോര്‍ട്ട് എത്തിയിട്ടും ജില്ലയിലെ ഷാപ്പുകളില്‍ വ്യാജന് വില്‍പ്പന കൊഴുക്കുകയാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ-മദ്യമാഫിയ കൂട്ടുകെട്ടാണ് ഷാപ്പുകളിലെ വ്യാജന്റെ പിന്നില്‍. ജില്ലയില്‍ നിരവധി ഷാപ്പുകളില്‍ വില്‍ക്കുന്നത് വ്യാജകള്ളാണെന്ന് കണ്ടെത്തിയിട്ടും 19 ഷാപ്പുകള്‍ മാത്രമാണ് പൂട്ടിയത്. മറ്റു സ്ഥലത്തെ ഷാപ്പുകള്‍ പൂട്ടാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ റേഞ്ചുകളില്‍ മൊബൈല്‍ ടെസ്റ്റ് ലാബിലെ പരിശോധനയിലൂടെ വ്യാജകള്ളാണെന്ന് കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതെ ഇവിടെ വില്‍പ്പന അനുവദിക്കുകയായിരുന്നു. പലപ്പോഴും എക്സൈസ് വകുപ്പില്‍ നിന്ന് കോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ ഷാപ്പുകളെ സംരക്ഷിക്കുന്ന തരത്തിലാണെന്നും ആക്ഷേപമുണ്ട്.
വ്യാജകള്ളില് കണ്ടെത്തിയിരിക്കുന്ന ക്ലോറല്‍ നൈട്രേറ്റ്, ലോറൈല്‍ സള്‍ഫേറ്റ് എന്നിവ എന്നിവ വ്യാജ കള്ള് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സിലോണ്‍ പേസ്റ്റ്/പൗഡറിന്റെ ഘടകങ്ങളാണ്. എന്നാല്‍ ചെത്തുതെങ്ങിന്റെ മുകളില്‍ വിഷദ്രാവകം തളിക്കുന്നതു കൊണ്ടാണ് ക്ലോറല്‍ നൈട്രേറ്റ്, ലോറൈല്‍ സള്‍ഫേറ്റ് എന്നിവ കള്ളില്‍ കണ്ടെത്തിയിരിക്കുന്നതെന്ന ഷാപ്പുടമകളുടെ വാദത്തെ അംഗീകരിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
വ്യാജ മദ്യലോബിക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ നാടുകടത്തുന്ന നിലപാടാണ് എക്സൈസ് വകുപ്പിനുള്ളില്‍ നടക്കുന്നത്. കാര്‍ത്തികപ്പള്ളി റേഞ്ചില്‍ ഓട്ടോറിക്ഷയില്‍ സ്പിരിറ്റ് കടത്തിയത് ആലപ്പുഴ സ്പെഷ്യല്‍ സ്ക്വാഡ് സിഐ പിടിച്ചെടുത്തിരുന്നു. ശുപാര്‍ശകള്‍ക്ക് വഴങ്ങാതിരുന്നതിന് ലോക്സഭ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന സമയമായതിനാല്‍ ആദ്യം ഓഫീസില്‍ വിലക്കു കല്‍പ്പിക്കുകയും പിന്നീട് അട്ടപാടിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ജില്ലയിലെ ഒരു യുഡിഎഫ് നേതാവിന്റെ നിര്‍ദ്ദേശം അവഗണിച്ച് കേസെടുത്തതിന്റെ പേരിലായിരുന്നു നടപടി. സിഐയുടെ കുടുംബത്തിനെ തകര്‍ക്കുമെന്ന് വരെ ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയം നടപ്പിലായാല്‍ ഷാപ്പുകളില്‍ തിരക്ക് വര്‍ദ്ധിക്കും. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വ്യാജകള്ളിന്റെ വരവ് കൂടും. ഇത്തരത്തില്‍ വ്യാജ കള്ള് നല്കി നിശബ്ദ മരണത്തിലേക്ക് തള്ളിവിടുന്ന മദ്യമാഫിയ-ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റൊരു മദ്യദുരന്തത്തിനു കൂടി സാക്ഷിയാകേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: