റോം: പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള കത്തോലിക്കാസഭയിലെ പരമ്പരാഗത നിലപാടുകളെ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. മഹാവിസ്ഫോടന സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിന് എതിരല്ലെന്ന് പറഞ്ഞ ഫ്രാന്‍സിസ് പാപ്പ, പ്രപഞ്ചോത്പത്തിയെക്കുറിച്ച് ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ വ്യാഖ്യാനങ്ങളെയും തള്ളി.
ദൈവം മായാജാലക്കാരനായിരുന്നുവെന്നും മാന്ത്രിക വടികൊണ്ട് ജീവജാലങ്ങളെ സൃഷ്ടിച്ചെന്നുമാണ് ഉത്പത്തിയുടെ പുസ്തകത്തിലെ വ്യാഖ്യാനം. ഇത് ശരിയല്ലെന്നാണ് മാര്‍പാപ്പയുടെ നിലപാട്. ആറോ ഏഴോ ദിവസം കൊണ്ടല്ല പ്രപഞ്ചം ഈ രീതിയിലായത്. കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ് ലോകം ഇത്തരത്തിലായത്. ജീവജാലങ്ങളെ ദൈവമാണ് സൃഷ്ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വളരുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ആധുനികശാസ്ത്ര സിദ്ധാന്തമായ മഹാവിസ്ഫോടനവും ജീവോല്പത്തി വിശദീകരിക്കുന്ന പരിണാമവാദവും ശരിയാണ്. ആധുനിക ശാസ്ത്രലോകം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന പരിണാമ സിദ്ധാന്തത്തിലും മഹാവിസ്ഫോടനത്തിലും തെറ്റായി ഒന്നുംതന്നെയില്ല. എന്നാല്‍, അവ ദൈവത്തെയും സൃഷ്ടിവാദത്തെയും നിരാകരിക്കുന്നില്ല. അതിനാല്‍ത്തന്നെ സഭയുടെ നിലപാടും സിദ്ധാന്തവും തമ്മില്‍ വ്യത്യാസമില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു. പാരമ്പര്യമായി തുടരുന്ന ദൈവസങ്കല്പ്പം മാറേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
പ്രപഞ്ചോല്പത്തിയെയും ജീവോല്‍പത്തിയേയും കുറിച്ച് കാലങ്ങളായുള്ള സഭയുടെ വിശ്വാസങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുത്തിയത്. 1850കളുടെ അവസാനം ചാള്‍സ് ഡാര്വിന് പരിണാമ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലം മുതലേ സഭ ഈ സിദ്ധാന്തത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പക്കു തൊട്ടുമുമ്പുള്ള പോപ് ബെനഡിക്ട് പതിനാറാമന്‍ ഇന്റലിജന്റ്സ് തിയറിയുടെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ ഈ സിദ്ധാന്തങ്ങളെയെല്ലാം തള്ളി പരിണാമവാദവും സൃഷ്ടിവാദവും പരസ്പര പൂരകങ്ങളാണെന്ന നിലപാടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവെക്കുന്നത്.
1370 കോടി വര്‍ഷം മുമ്പ് മഹാവിസ്ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ടതായാണ് ശാസ്ത്രലോകം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: