കായംകുളം: അടിത്തറ ഇളക്കി വീട് ഉയര്‍ത്തല്‍ നാട്ടുകാര്‍ക്ക് കൗതുകമാകുന്നു. കണ്ണമ്പള്ളിഭാഗം മുണ്ടകത്തില്‍ പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്റെ വീടാണ് നിലവിലുള്ള അടിത്തറ ഇളക്കി ഉയര്‍ത്തിക്കൊണ്ട് പുതിയ അടിത്തറ നിര്‍മ്മിക്കുന്നത്. പത്തുവര്‍ഷം മുമ്പാണ് കുഞ്ഞുമോന് മുണ്ടകംതോടിന് സമീപത്ത് 800 സ്ക്വയര്‍ഫീറ്റുള്ള വീട് നിര്‍മ്മിച്ചത്. സമീപമുള്ള സ്ഥലങ്ങള്‍ ഉയര്‍ന്നതോടെ മഴക്കാലസമയത്തും വേലിയേറ്റ സമയങ്ങളും കുഞ്ഞുമോന്റെ വീട് നില്ക്കുന്ന സ്ഥലം വെള്ളം കയറാന്‍ തുടങ്ങി. ഇതോടെ കുഞ്ഞുമോനും കുടുംബവും വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. വീടും സ്ഥലവും കിട്ടുന്ന വിലയ്ക്ക് വില്‍ക്കാനുള്ള ശ്രമങ്ങളും നടന്നു.
ഇതിനിടെയാണ് കണ്ടല്ലൂര്‍ ഭാഗത്ത് സമാനമായ രീതിയില്‍ വെള്ളം കയറിയ സുധാകരന് എന്നയാളുടെ വീട് അടിത്തറ മാത്രം ഇളക്കി വീട് ഉയര്‍ത്തിയ സംവിധാനത്തെക്കുറിച്ച് അറിയുന്നത്. അന്വേഷണത്തില്‍ ഹരിയാനയിലുള്ള മാംചന്ദ് ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനമാണ് ഇത്തരത്തില്‍ വീട് ഉയര്‍ത്തി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാത്ത തരത്തില്‍ നിര്‍മ്മാണം നടത്തുന്നതെന്ന് അറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞുമോന് നിര്‍മ്മാണ ചുമതല കമ്പനിയുടെ ഉടമയായ സുഖവവിന്ദര് സിംഗിനെ ഏല്‍പ്പിച്ചു. മുന്നടി ഉയരത്തില്‍ നിലവിലുള്ള കെട്ടിടം ഉയര്‍ത്തുന്നതിന് സ്ക്വയര്‍ഫീറ്റിന് മുന്നൂറ് രൂപയാണ്.
പത്തോളം തൊഴിലാളികളാണ് നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 30 ദിവസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കും. വീടിന്റെ അടിത്തറ ഉയര്‍ത്തിയുള്ള നിര്‍മ്മാണം നാട്ടുകാര്‍ക്ക് കൗതുകമായിരിക്കുകയാണ് നിര്‍മ്മാണ പ്രവര്‍ത്തനം കാണാന്‍ നിരവധി ആള്‍ക്കാരാണ് കുഞ്ഞുമോന്റെ വീട്ടിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: