ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മ്മാണം ഇഴയുന്നു. ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കിയ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.05 കോടി രൂപയാണ് പ്ലാന്റ് നിര്‍മ്മാണത്തിനായി അനുവദിച്ചത്. സര്‍ക്കാര്‍ ഏജന്‍സിക്കാണ് നിര്‍മ്മാണ ചുമതല. ആശുപത്രിയില്‍ നിന്ന് പുറംതള്ളുന്ന മലിനജലം പ്ലാന്റില്‍ ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. ഓപ്പറേഷന് തീയേറ്ററുകള്‍, വാര്‍ഡുകള്‍, ബാത്ത്റൂമുകള്‍, പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന മുറി, ലാബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള മലിനജലമാണ് സംസ്ക്കരിക്കുന്നത്.
ആശുപത്രിക്ക് പിന്നിലായി ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചിരുന്ന സ്ഥലത്താണ് പ്ലാന്റ് നിര്‍മ്മാണം നടക്കുന്നത്. എന്‍എബിഎച്ച് അംഗീകാരം ഉള്ള ആശുപത്രിയില്‍ മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. മാലിന്യം സംസ്ക്കരണം കാര്യക്ഷമമായി നടപ്പാക്കാനാകാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. മാലിന്യങ്ങള്‍ സമീപത്തെ പുരയിടങ്ങളിലേക്കും തോട്ടിലേക്കും ഒഴുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇത്തരം പരാതികള്‍ക്ക് പരിഹാരം കാണാനാകുമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: