ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ യാത്രയുണ്ടെന്നു കരുതി ഇനി മുതല്‍ സാധാരണക്കാരുടെ യാത്ര മുടങ്ങില്ല. അവര്‍ തലയില്‍ കൈവെച്ച് പ്രാകുകയുമില്ല. പണ്ട് സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ യാത്രയ്ക്കിടെ വണ്ടിയോടിച്ചു കയറിയെന്ന കാരണത്താല്‍ പോലീസ് മര്‍ദ്ദനമേറ്റു ന്യൂദല്‍ഹിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. എന്തായാലും അതെല്ലാം പഴയ കാര്യങ്ങള്‍. പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദല്‍ഹി റോഡു സഞ്ചാരത്തിനും പുതിയ മാനദണ്ഡം ഉണ്ടാക്കി. താന്‍ പോകുമ്പോള്‍ സാധാരണക്കാരുടെ വഴി മുടക്കരുതെന്ന് നിര്‍ദ്ദേശിച്ചു. അതു നടപ്പാക്കിത്തുടങ്ങുകയും ചെയ്തു.
പക്ഷേ… പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത് തിരക്കേറിയ സമയത്ത് റോഡു മാര്‍ഗ്ഗം. സാധാരണ ദല്‍ഹി നിവാസികള്‍ തലയില്‍ കൈവെച്ച് വിഐപി വാഹന യാത്രയെ പ്രാകുകയാണ് പതിവ്. കാരണം, പ്രധാനമന്ത്രിയെപ്പോലുള്ളവര് കടന്നു പോകുമ്പോള്‍ മുഖ്യ റോഡില്‍ ഗതാഗത നിയന്ത്രണം വരും. ഇട റോഡില്‍നിന്ന് മുഖ്യറോഡിലേക്ക് കടക്കാന്‍ സമ്മതിക്കില്ല. ആകെ ഗതാഗതം തടസപ്പെട്ടു വശം കെടും. സാധാരണക്കാര്‍ക്കു സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനാവില്ല. ഓഫീസുകളില്‍ ഹാജര്‍ കുറയും. പലര്‍ക്കും ശമ്പളം മുടങ്ങും. രോഗികള്‍ വഴിയില്‍ കുഴങ്ങും. വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍ വൈകും. പക്ഷേ, മോദി പോയ വഴിയില്‍ 100 മീറ്റര്‍ പിന്നാലെ സാധാരണ വാഹനങ്ങള്‍ക്കു പോകാനായത് ദല്‍ഹിക്കാര്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്. ഒക്ടോബര്‍ 20-നായിരുന്നു അത്. അവര്‍ക്ക് അതു വിശ്വസിക്കാനായില്ല.
പ്രധാനമന്ത്രിയായി അധികാരമേറ്റ ആദ്യ ആഴ്ചയില്‍ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണാന്‍ മോദി സൗത്ത് ദല്‍ഹിക്കു പോയത് റോഡു മാര്‍ഗ്ഗമാണ്. ശരിക്കും ദല്‍ഹി നിവാസികള്‍ കുടങ്ങി. പ്രധാനമന്ത്രിമാരും മന്ത്രിമാരും മറ്റു വിഐപികളും പോകുന്ന പതിവ് ജാടയാത്രകള്തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരുക്കിയത്. പ്രധാനമന്ത്രിയുടെ പത്തോളം വാഹന വ്യൂഹം. അതിനു മുന്നിലും പിന്നിലുമായി സുരക്ഷാ വാഹനങ്ങളുടെ നീണ്ട നിര. നിരത്തു നിറയെ പോലീസ്. ഈച്ചപോലും വഴിവിലക്കരുതെന്ന നിര്‍ബന്ധത്തില്‍ ബന്തവസ്സ്. ശരിക്കും പുതിയ പ്രധാനമന്ത്രിയേയും ജനങ്ങള്‍ പഴിച്ചു. പക്ഷേ, പ്രധാനമന്ത്രി മോദി ഇതൊന്നും അറിഞ്ഞതേയില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയും വിമര്‍ശനവും ഇതിന്റെ പേരില്‍ ഉയര്‍ന്നു.
എന്നാല്‍, കാര്യങ്ങള്‍ അതിവേഗം മാറി. സ്വച്ഛ്ഭാരത് പരിപാടിയുടെ ഉദ്ഘാടനത്തിന് ഒക്ടോബര്‍ രണ്ടിന് മോദി മന്ദിര്‍ മാര്‍ഗ്ഗില്‍ പോയി. അവിടെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങവേ അപ്രതീക്ഷിതമായി മന്ദിര്മാര്ഗ്ഗ് പോലീസ് സ്റ്റേഷനില്‍ പ്രധാനമന്ത്രി വണ്ടി നിര്‍ത്തിച്ചു. അവിടെ പരിസരം വീക്ഷിച്ച മോദി ചോദിച്ചു, എന്തുകൊണ്ടാണിവിടം വൃത്തിയായി കിടക്കാത്തതെന്ന്.
ജീവനക്കാരുടെ എണ്ണം വിശദീകരിച്ച പോലീസ് അധികാരി അവസരം കിട്ടിയപ്പോള്‍ അതു പറയാന്‍ മടിച്ചില്ല-രേഖയില്‍ പോലീസുകാര്‍ ഇത്രയേറെ ഉണ്ടെങ്കിലും അവരില്‍ നല്ലൊരു പങ്ക് വിഐപികള്‍ക്കു സുഖ യാത്രയ്ക്ക് ട്രാഫിക് നിയന്ത്രിക്കാന്‍ പോവുകയാണ് പതിവെന്ന് പ്രധാനമന്ത്രിയോടു പറഞ്ഞു. കാര്യം പിടികിട്ടിയ ഡോക്ടര്‍ കാറിലിരുന്നുതന്നെ ചികിത്സ വിധിച്ചു.
അങ്ങനെ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉദ്യോഗസ്ഥന് ദല്‍ഹി പോലീസിലെ പ്രമുഖരുമായി ചര്‍ച്ച നടത്തി. ഇനിമേല്‍ വിഐപികളുടെ, പ്രധാനമന്ത്രിയുടെ പോലും യാത്രയ്ക്ക് സൗകര്യമൊരുക്കാന്‍ പോലീസുകാരെ ആവശ്യത്തിലേറെ നിയോഗിക്കേണ്ടതില്ല. ഒരു ട്രാഫിക് പോയിന്റില്‍ 50 കോണ്‍സ്റ്റബിള്‍മാരെയാണ് നിയോഗിച്ചിരുന്നതെന്നു കണ്ടെത്തി. അങ്ങനെ വിഐപികള്‍ക്കു വേണ്ടിയുള്ള ഗതാഗതത്തിനു പുതിയൊരു മാനദണ്ഡം നിശ്ചയിക്കപ്പെട്ടു.
പക്ഷേ, അവിടെ തീരുന്നില്ല പ്രശ്നം. കാര്യം പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചാലും സുരക്ഷാ കാര്യം വരുമ്പോള്‍ ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കാണല്ലോ. അതുകൊണ്ട് ഇപ്പോള്‍ ദല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍മാരുടെ ജോലി പ്രധാനമന്ത്രിയുടെ സന്ദര്‍ശന സ്ഥലത്തും യാത്രാവഴികളിലും ഒളിഞ്ഞു നില്‍ക്കലാണ്. പാത്തും പതുങ്ങിയും രഹസ്യം പിടിക്കാന്‍ അവര്‍ കാത്തുനില്ക്കും. യൂണിഫോമില്ലാത്തതിനാല്‍ റിസ്കു കൂടും. കാരണം, പമ്മലും ചുറ്റിത്തിരിയലും സാധാണക്കാര്ക്കു സംശയമുണ്ടാക്കിയാല്‍ അവര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചാലോ? അതു സഹിക്കാം, പക്ഷേ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത പ്രിയംകരനായ പ്രധാനമന്ത്രി പോകുന്ന വഴിയില്‍ കള്ളലക്ഷണം കാട്ടി നിന്നതിനു കൈകാര്യം ചെയ്യപ്പെട്ടാലോ എന്നാണ് ദല്‍ഹി പോലീസിനിപ്പോള്‍ പേടി. പക്ഷേ, ദല്‍ഹിനിവാസികള്‍ ഹാപ്പിയാണ്. അവരുടെ വഴി മുടങ്ങുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: