തൊടുപുഴ : ലക്ഷങ്ങളുടെ നികുതിവെട്ടിപ്പ് തൊടുപുഴ നഗരത്തിലെ രണ്ട് തീയേറ്ററുകള്‍ നഗരസഭ അടച്ച് പൂട്ടി. ഐശ്വര്യ, ലയ എന്നീ തീയേറ്ററുകളാണ് അടപ്പിച്ചത്.ഇന്നലെ രാവിലെ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തീയേറ്ററുകളില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. മോര്‍ണിംങ് ഷോ കാണാനെന്ന വ്യാജേന നഗരസഭ സെക്രട്ടറി ബിജു തീയേറ്ററുകളിലെത്തി ടിക്കറ്റെടുത്തു. മുന്‍സിപ്പാലിറ്റിയില്‍ നിന്നും സീല്‍ ചെയ്ത ടിക്കറ്റ് നല്‍കേണ്ട സ്ഥാനത്ത് തീയേറ്ററുകാര്‍ തന്നെ കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ടിക്കറ്റാണ് വിതരണം ചെയ്തത്. ഐശ്വര്യ, ലയ എന്നീ തീയേറ്ററുകളിലും മുന്‍സിപ്പല്‍ ടാക്സ് വെട്ടിച്ചുകൊണ്ടുള്ള ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്ന് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് ബോധ്യപ്പെട്ടതോടെ വിവാദ തീയേറ്ററുകള്‍ അടപ്പിച്ചു തൊടുപുഴ പോലീസില്‍ വിവരം അറിയിച്ചു. വൈകുന്നേരത്തെ ഷോയിക്ക് ടിക്കറ്റ് ബുക്കു ചെയ്തവര്‍ക്ക് പണം മടക്കി നല്‍കാനും നിര്‍ദ്ദേശം നല്കി. ഇന്ന് രാവിലെ ഉദ്ദ്യോഗസ്ഥര്‍ തീയേറ്ററിലെത്തി പരിശോധന നടത്തും. എത്ര കാലമായി നികുതി വെട്ടിച്ച് പണം തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന് ശേഷം പിഴ നിശ്ചയിക്കും. കൗണ്‍സിലിന്റെ തീരുമാനവും ഈ വിഷയത്തില്‍ ആരായും. തീയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകാനിടയുണ്ട്. ഓരോ 65 രൂപയുടെ ടിക്കറ്റ് വില്ക്കുമ്പോഴും നഗരസഭയ്ക്ക് ടാക്സായി 13 രൂപ ലഭിക്കും. ഒരു തീയേറ്ററില്‍ നിന്ന് തന്നെ പതിനായിരത്തിലധികം രൂപയാണ് നഗരസഭയ്ക്ക് നികുതിയായി ലഭിക്കേണ്ടത്. അടുത്തിടെ തീയേറ്ററുകളില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ഫാന്‍സ് അസോസിയേഷനുകള്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: