എരുമേലി: ക്ഷേത്രം വക വഴിപാട് കേന്ദ്രത്തില്‍ പൂജാസാധനങ്ങളില്ലാതെ വിശ്വാസികള്‍ ദുരിതത്തിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച വന്‍ തുകയ്ക്ക് കടലേലത്തിലെടുക്കാന് ആളില്ലാതെ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ക്ഷേത്രത്തിലെ ജീവനക്കാരാണ് കട നടത്തുന്നത്.
ബ്രാന്‍ഡഡ് കമ്പനികളുടെ സാധനങ്ങള്‍ മാത്രം വാങ്ങി കടയില്‍ വില്ക്കാവൂയെന്ന ഉന്നതാധികാരികളുടെ നിര്‍ദ്ദേശവും ജീവനക്കാരെ വെട്ടിലാക്കിയിരിക്കുകയാണ്. വന്‍കിട കമ്പനികളുടെ സാധനങ്ങള്‍ വാങ്ങി ദേവസ്വം ബോര്‍ഡ് പറയുന്ന വിലയ്ക്ക് വില്ക്കാന് കഴിയില്ലെന്നും ജീവനക്കാര്‍ പറയുന്നു.
എരുമേലി ക്ഷേത്രത്തിലെ ഭരണനിര്‍വ്വഹണ വ്യവസ്ഥ പാടെ തകര്‍ന്നതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ തിരക്കും കുറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വഴിപാട് കേന്ദ്രം നേരത്തെ ലേലം ചെയ്തുകൊടുത്തിരുന്നതുപോലെ ശബരിമല തീര്ത്ഥാടനകാലത്തേക്കായി കട ഒരു ഫ്ളോ ട്ടാക്കി 5 ലക്ഷത്തിലധികം രൂപയ്ക്കായി ലേലം ചെയ്തതാണ് വിചിത്രമായിരിക്കുന്നത്.
ക്ഷേത്രത്തിലെത്തുന്നവര്‍ വേണമെങ്കില്‍ പൂജാസാമഗ്രികള്‍ കൊണ്ടുവരണമെന്ന രീതിയിലാണ് ദേവസ്വം ബോര്‍ഡിന്റെ നയം. എന്നാല്‍ ക്ഷേത്രവിശ്വാസികളുടെ പ്രതിഷേധത്തിനു മുന്നില്‍ ക്ഷേത്രജീവനക്കാരാണ് ആശങ്കയിലായിരിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ചില ഉന്നതാധികാരികളുടെ പിടിവാശിയാണ് എണ്ണക്കട ലേലം അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്നു പറയുന്നു. എണ്ണ, കര്‍പ്പൂരം, സാമ്പ്രാണി എന്നിവ കച്ചവടം നടത്തുന്ന ജീവനക്കാര്‍ ഓരോന്നിനും ഓരോ രസീതിയും കൊടുക്കണമെന്ന വ്യവസ്ഥയും തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: