ആലപ്പുഴ: ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്നലെ പുലര്‍ച്ചെവരെ നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു വിവിധ കോടതികളില്‍ വിചാരണയില്‍ ഇരുന്ന 23 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതികളില്‍ ഹാജരാക്കി. 25ന് വൈകിട്ട് ആറിനു തുടങ്ങിയ കോമ്പിങ് ഓപ്പറേഷന് ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടുനിന്നു. വിവിധ കോടതികളിലെ വാറണ്ടില്‍ പ്രതികളായ 48 പേരെയും കേസുകളില്‍ പ്രതികളായ 167 പേരെയും അറസ്റ്റ് ചെയ്തു. ചേര്‍ത്തല പോലീസ് സ്റ്റേഷന് പരിധിയില്‍ മയക്കുമരുന്നു വില്പന നടത്തിയ വിഷ്ണു (18), പതിനേഴുകാരന് എന്നിവരെയും, വള്ളികുന്നം പോലീസ് സ്റ്റേഷന് പരിധിയില്‍ മയക്കുമരുന്നു വില്പന നടത്തിയ ജോണ്സണ് (48) എന്നിവരെയും അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനു 173 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 111 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനു ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് നല്കി.
നിരോധിത പുകയിലഉല്പന്നങ്ങള് വില്പന നടത്തിയ 10പേര്‍ക്കെതിരേ കേസെടുത്തു. മാന്നാര്‍, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷനുകളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കുട്ടംപേരൂര്‍ കുറ്റിത്താഴ്ചയില് രാജാമണി (39)യെ ഗുണ്ടാനിയമ പ്രകാരം അറസ്റ്റ് ചെയ്തു. പുന്നപ്ര സ്റ്റേഷന് പരിധിയില്‍ പണംവെച്ച് ചീട്ടുകളിച്ചിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 5,800 രൂപ കണ്ടെടുത്തു. വരും ദിവസങ്ങളിലും കോമ്പിങ് ഓപ്പറേഷന് തുടരുമെന്നു പോലീസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: