മുംബൈ: ശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് വിശദീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രോഗപ്രതിരോധം ചികിത്സാ ചെലവിന്റെ ഒരു നേരിയ ശതമാനം മാത്രമേ വരൂ എന്ന കാര്യം ഓര്‍മിക്കണമെന്ന് പറഞ്ഞു. ‘മേക് ഇന്‍ ഇന്ത്യ’ ‘ഡിജിറ്റല്‍ ഇന്ത്യ’ എന്നീ പദ്ധതികള്‍ സാധാരണക്കാരില്‍ ആരോഗ്യപ്രവര്‍ത്തനം എത്തിക്കാന്‍ കൂടി ലക്ഷ്യമിട്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ നവജാത ശിശുമരണനിരക്കും പ്രസവാനന്തര മരണനിരക്കും ഏറെ ഉത്ക്കണ്ഠയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി അടിസ്ഥാന ജനതക്ക് ആരോഗ്യ സുരക്ഷ എത്തിക്കല്‍ തന്റെ സര്‍ക്കാരിന്റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് പറഞ്ഞു.
”നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയെ വിദേശ രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി ഏറെ അമ്പരപ്പിക്കുന്നതാണ്,” മോദി പറഞ്ഞു. ഒരു കുഴല്‍ കിണറില്‍ കുഞ്ഞു വീണു എന്ന വാര്ത്തയറിഞ്ഞാല് അതിന്റെ തത്സമയ വിവരണം കേള്‍ക്കാനും കാണാനും നമ്മള് ടി വിക്കു മുന്നില്‍ ഇരിക്കും. പക്ഷേ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ ജനിച്ച ഉടന്‍ മരിക്കുന്നത് നമ്മുടെ രാജ്യത്താണെന്ന കാര്യം നമുക്കറിയില്ല, പ്രധാനമന്ത്രി പറഞ്ഞു.
ഒട്ടേറെ സംഭവത്തില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിക്കുന്നു. പ്രാഥമിക ചികിത്സാസൗകര്യങ്ങളുടെ അഭാവമാണ് ഇതിനു കാരണം, മുംബൈയില്‍ എച്ച്.എന്‍.റിലയന്‍സ് ഫൗണ്ടേഷനില്‍ ആശുപത്രിയുടെ പുതിയ കെട്ടിടഭാഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ വ്യക്തികളായ വ്യവസായി മുകേഷ് അംബാനി, ഭാര്യ നീത അംബാനി, അമിതാഭ് ബച്ചന്, സച്ചിന് ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തെ അഭിസംബോധന ചെയ്യവേ മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ സാധാരണക്കാരില്‍ വേഗം എത്തിക്കാന്‍ ഉപയുക്തമാക്കണമെന്ന് പറഞ്ഞു.
ആരോഗ്യപരിരക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന മേഖലയില്‍ വിദേശ സ്ഥാപനങ്ങള്‍ ഭാരതത്തിലേക്ക് വരണമെന്ന് മോദി പറഞ്ഞു. ഇക്കാലത്ത് ഡോക്ടര്‍മാരുടെ വൈദഗ്ദ്ധ്യത്തെ ഒരു വലിയ പരിധിവരെ ആധുനിക ഉപകരണങ്ങള്‍ അധികരിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഏറെ വിലപിടിച്ച അത്തരം ഉപകരണങ്ങള്‍ ഇവിടെ നിര്‍മിക്കപ്പെടുന്നു. ഇതിനായി വിദേശ കമ്പനികള്‍ മുന്നോട്ടു വരണം.
ഇത്തരം ആധുനിക ചികിത്സാ കേന്ദ്രങ്ങള്‍ ടെലിമെഡിസിന്‍ പോലുള്ള സംവിധാനം നടപ്പിലാക്കിയാല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വഴി ഗുണമേന്മയുള്ള ചികിത്സാ സംവിധാനങ്ങള്‍ എല്ലായിടത്തും എല്ലാത്തരക്കാര്‍ക്കും ചെലവു കുറച്ച് ലഭ്യമാക്കാനാകും. സര്‍ക്കാരിന്റെ ദേശീയ ശുചിത്വ പദ്ധതികള്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച മോദി ഗുജറാത്തിലെ അനുഭവം വിവരിച്ചു. സബര്‍മതിയുടെ മുന്നിലൂടൊഴുകിയ നദിയെ നര്‍മ്മദയില്‍ നിന്നുള്ള വെള്ളം തിരിച്ചുവിട്ട് സമ്പന്നമാക്കിയപ്പോള്‍ അത് ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടാന്‍ ഇടയാക്കി. അതുവരെ സമീപത്തെ ആശുപത്രികളില്‍, മലിന ജലം ഉപയോഗിക്കുന്നതിനാല്‍ രോഗം ബാധിച്ച പാവപ്പെട്ട ജനങ്ങള്‍ തിക്കിത്തിരക്കുകയായിരുന്നു. പത്ത് വര്‍ഷത്തിനിടെ രോഗികളുടെ എണ്ണം കുറഞ്ഞു, മോദി വിശദീകരിച്ചു.
ഭക്ഷണത്തിനുമുമ്പ് കൈകഴുകാന്‍ വെള്ളം ഇല്ലാത്തതിനെത്തുടര്ന്നുണ്ടാകുന്ന രോഗബാധയില്‍ പാക്കിസ്ഥാനിലെ 40 ശതമാനം കുട്ടികള്‍ക്ക് ജീവന് നഷ്ടമാകുന്നു. പാക്കിസ്ഥാനിലെ സ്ഥിതിയില്‍നിന്നു വളരെ വ്യത്യസ്തമൊന്നുമല്ല നമ്മുടെ രാജ്യവുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ആഗോള കൈകഴുകല്‍ ദിനത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തിയ പദ്ധതി പ്രകാരം ലക്ഷക്കണക്കിനു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൈകഴുകിക്കൊണ്ട് മാതൃകയായത് ലോക റെക്കോര്‍ഡാണ്. നമ്മുടെ രാജ്യം ഒന്നടങ്കം ഇവിടെത്തുടങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ അന്താരാഷ്ട്ര യോഗ ദിവസം ആചരിക്കണമെന്ന് താന്‍ അഭിപ്രായപ്പെട്ടെന്ന് മോദി പറഞ്ഞു.
പുരാതനകാലത്ത് ആരോഗ്യ സംരക്ഷണ രംഗത്ത് ശാസ്ത്രത്തിന്റെ നവ ചക്രവാളങ്ങള്‍ നാം കൈയടക്കിയിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ”മഹാഭാരതത്തില്‍ കര്ണന് അമ്മയുടെ ഗര്‍ഭപാത്രത്തിലല്ല ജനിച്ചതെന്ന് പറയുന്നുണ്ട്. അതിനര്‍ത്ഥം അക്കാലത്തുതന്നെ കൃത്രിമ ഗര്‍ഭധാരണ ശാസ്ത്ര വിദ്യ നമുക്ക് അറിയാമായിരുന്നുവെന്നാണ്. ഗണപതിക്ക് ആനത്തല വച്ചുപിടിപ്പിച്ചപ്പോള്‍ അന്ന് ഒരു പ്ലാസ്റ്റിക് സര്ജന് ഉണ്ടായിരുന്നുവെന്നാണര്ത്ഥമാക്കേണ്ടത്. നമ്മുടെ ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞുവച്ചത് പില്ക്കാലത്ത് ലോകം അംഗീകരിക്കുകയായിരുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍വര്‍ക്കും ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ ശ്രമകരമാണ് എല്ലാവര്ക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കല്‍. പക്ഷേ സാധ്യമായ കാര്യമാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: