കൊച്ചി: പച്ചാളം മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം പരാജയപ്പെട്ടു. എംപിയും എംഎല്‍എയും മേയറും നിലവിലുള്ള പണി നിര്‍ത്തിവെക്കാനാവില്ലെന്നും പച്ചാളത്ത് കുഞ്ഞന്‍പാലം നിര്‍മ്മിക്കുമെന്നുമുള്ള വാദത്തില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഗസ്റ്റ്ഹൗസില്‍ നടന്ന യോഗത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ യോഗം ബഹിഷ്ക്കരിച്ച് പ്രകടനം നടത്തി.
പ്രശ്നം പരിഹരിക്കാനുള്ള ശ്രമമല്ല അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇപ്പോഴത്തെ ചെറിയ പാലം നിര്‍മ്മാണത്തിന് വേദിയൊരുക്കാനുള്ള ശ്രമം മാത്രമായിരുന്നു ചര്‍ച്ചയ്ക്ക് പിന്നിലെന്ന് സമരസമിതി കണ്‍വീനര്‍ അബിജു സുരേഷ് പറഞ്ഞു.
യഥാര്‍ത്ഥ മേല്‍പ്പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ചോ, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചോ ഒരു ചര്‍ച്ചയും യോഗത്തിലുണ്ടായില്ല. ഇതേക്കുറിച്ച് സംസാരിക്കാന്‍ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തയ്യാറായില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി. ഏഴര മീറ്റര്‍ പാലം എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അധികൃതര്‍. ഈ സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സമരസമിതി വ്യക്തമാക്കി.
എംപി കെ.വി. തോമസ്, എംഎല്‍എ ഹൈബി ഈഡന്, മേയര്‍ ടോണി ചമ്മണി, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ഡിഎംആര്‍സി, കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു. സമരസമിതിയെ പ്രതിനിധീകരിച്ച് എസ്.ജെ.ആര്. കുമാര്‍, ഇ.എന്‍. നന്ദകുമാര്‍, കെ. രാജേഷ് ചന്ദ്രന്, അബിജു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: