മട്ടാഞ്ചേരി: ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് രക്ഷയായത് ഹോംസ്റ്റേയുടെ അതിഥിസല്ക്കാരം. തൃശൂര്‍ ജില്ല അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. പുഷ്പാംഗധനാണ് ‘ഹോംസ്റ്റേ’ സല്ക്കാരത്തിലൂടെ ജീവിതനേട്ടം കൈവരിച്ചത്. ബെസ്റ്റ് വ്യവസായം തകര്‍ത്ത സാമ്പത്തികസ്ഥിതിക്കിടയില് അതിരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡിലെ വിജയമാണ് പുഷ്പാഗധനെ പഞ്ചായത്ത് പ്രസിഡന്റാക്കിയത്.
2003-05ലാണ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്. സാമ്പത്തിക തകര്‍ച്ചയിലായ പുഷ്പാംഗധനെ എല്ലാവരും കയ്യൊഴിഞ്ഞു. ജീവിതം തള്ളിനീക്കാന്‍ കഴിയാതെ മൂത്തമകനെ അനാഥാലയത്തിലാക്കി. ഇളയമകന് സര്‍ക്കാര്‍ സ്കൂളില്‍ പോകാന്‍ രണ്ടുരൂപയ്ക്കായി കൈനീട്ടി. ദാരിദ്ര്യം കുടുംബത്തെ വേട്ടയാടി തകര്‍ത്തു. ഫോര്‍ട്ടുകൊച്ചിയിലെ ഹോംസ്റ്റേ ഉടമ കൂട്ടായ്മയിലാണ് പുഷ്പാംഗധന് ഈ കഥകള്‍ വിവരിച്ചത്.
ദാരിദ്ര്യംമൂലം സിമന്റ് തേക്കാത്ത ചുമരും തറയുമായുള്ള വീട്ടില്‍ കഴിയവെയാണ് ഇക്കോ ടൂറിസം ഡയറക്ടറായ മോഹന്‍ലാലുമായി പഴയ സൗഹൃദം പുതുക്കാനിടയായത്. വീടിന്റെ ഒരു മുറി സിമന്റ് പാകി തയ്യാറാക്കി തുടങ്ങിയ ‘ഹോം സ്റ്റേ’ സല്‍ക്കാര പദ്ധതി മൂന്നുവര്‍ഷംകൊണ്ട് കുടുംബജീവിതത്തെ സാമ്പത്തിക അഭിവൃദ്ധയിലാക്കി. മകനെ തിരികെ കൊണ്ടുവന്ന് ഇരുവര്‍ക്കും നല്ല വിദ്യാഭ്യാസം നല്കി.
ഇപ്പോള്‍ വീട് നവീകരിച്ച് രണ്ട് എസി മുറികളടക്കം അഞ്ച് മുറികളും ഡോര്‍മിറ്ററി സംവിധാനവുമൊരുക്കി. ഹോംസ്റ്റേ വിപുലമാക്കി. ആദ്യഘട്ടത്തില്‍ 16 പേരെയാണ് ഹോംസ്റ്റേയില്‍ സല്‍ക്കരിച്ചത്. ഇപ്പോള്‍ 70ഓളം പേരായി ഉയര്‍ന്നു. ഒപ്പം സിനിമാ ചിത്രീകരണത്തിനെത്തുന്ന താരങ്ങളും സംവിധായകരുമടക്കമുള്ളവര്ക്ക് അതിഥി സല്ക്കാരമൊരുക്കുവാനും പുഷ്പാംഗധന്റെ ‘ഹോംസ്റ്റേ’യ്ക്ക് കഴിയുന്നു. മകരമാസത്തില്‍ ആദിവാസി മേളയുടെ സംഘാടകനും ആദിവാസികളുടെ തോഴനുമായ പുഷ്പാംഗധരന് 25 വര്‍ഷത്തെ ആദിവാസി സേവനം മുന്‍നിര്‍ത്തി 2013ലെ ദേശീയാംഗീകാരവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: