കോട്ടയം: എഴുപതിലും ഇരുപതിന്റെ ചുറുചുറുക്കുമായി സോമകുമാര്‍ കസേരയ്ക്കും കട്ടിലിനും ഊടും പാവും നെയ്യുന്നു. ഫര്‍ണിച്ചറുകളില്‍ പ്ലാസ്റ്റിക് വള്ളികളാല്‍ കവിത രചിക്കുന്നതില്‍ 60 വര്‍ഷം തികച്ച് ചാലുകുന്ന് സ്വദേശി കെ. സോമകുമാര്‍ ഇന്നും സപര്യ തുടരുന്നു. തന്റെ പത്താംവയസ്സില്‍ ആരംഭിച്ച യജ്ഞം 70-ാം വയസ്സിലും തുടരുകയാണ്. കസേര, കട്ടില്, ചാരുകസേര, സെറ്റി എന്നിവയാണ് നെയ്തുകൊടുക്കുന്നത്. പ്രീഡിഗ്രിയാണ് സോമകുമാറിന്റെ വിദ്യാഭ്യാസം. വളരെ ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസത്തിനൊപ്പം അച്ഛനില്‍ നിന്നും ഈ തൊഴില്‍ അഭ്യസിച്ചിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ സോമകുമാറിന്റെ ഉപജീവനമാര്‍ഗ്ഗമാണ് ഈ തൊഴില്‍.
വളരെ ക്ഷമയോടെ ചെയ്യുന്ന ഈ ജോലിക്ക് തന്റെ മക്കളാരും കടന്നു വന്നിട്ടില്ലെന്ന് സോമകുമാര്‍ പറയുന്നു. നിരവധി സ്ഥലങ്ങളില്‍ ജോലിചെയ്യുന്നതിനൊപ്പം പെയിന്റിങും പോളീഷിങും ചെയ്തു കൊടുക്കാറുണ്ട്.
വര്‍ക്ക് ഷോപ്പുകളിലും വീട്ടില്‍ എത്തിക്കുന്ന ഫര്‍ണിച്ചറുകളിലും കരവിരുത് തെളിയിക്കുന്ന താന്‍ 60 വര്‍ഷമായി ചെയ്തുവരുന്ന ഈ കുലത്തൊഴില്‍ അന്യം നിന്നുപോകുമെന്ന ആശങ്ക സോമകുമാറിനെ അലട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: