കോഴിക്കോട്: വയനാട് ജില്ലയിലെ ഒരു വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളും ഗോത്രവര്‍ഗ്ഗക്കാരുമായ രണ്ടു കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച കേസില്‍ ഇരുവര്‍ക്കും 25,000 രൂപ വീതം നഷ്ടപരിഹാരം നല്കാന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ശുപാര്‍ശ ചെയ്തു. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി തുക ഒരു മാസത്തിനകം കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് കൈമാറാനാണ് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ നസീര്‍ ചാലിയം, മെമ്പര്‍ ഗ്ലോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷണ് ബെഞ്ച് നിര്‍ദ്ദേശിച്ചത്. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സംസ്ഥാന ഗവണ്മെന്റിന് ഈ തുക ഈടാക്കാമെന്നും കമ്മീഷന് ഉത്തരവിട്ടു.
സ്കൂളിലെ ലാപ്ടോപ്പും ക്യാമറയും മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പോലീസുകാര്‍ അവരെ വഴിയിലും പോലീസ് സ്റ്റേഷനിലും വെച്ച് മര്‍ദ്ദിച്ചെന്ന് കുട്ടികളും രക്ഷിതാക്കളും കമ്മീഷന് മൊഴി നല്‍കിയിരുന്നു. രാത്രി ഒമ്പത് മണി വരെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചതായും കുട്ടികള്‍ കമ്മീഷനെ അറിയിച്ചു.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതും തെറ്റുകാരല്ലെന്ന് കണ്ട് രാത്രി വൈകിയാണ് വിട്ടയച്ചത്. ഇതിനെ നിസ്സാരമായി കാണാനാകില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്കെതിരെ നടന്ന ബാലാവകാശ ലംഘനത്തിന് ഉചിതമായ നഷ്ടപരിഹാരം നല്കാന് നാലാം എതിര്‍കക്ഷിയായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിയമപരമായ ബാദ്ധ്യതയുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
നഷ്ടപരിഹാരത്തുക കുട്ടികളുടെ ആവശ്യങ്ങള്‍ക്കുമാത്രമായാണ് ഉപയോഗിക്കുന്നതെന്ന് വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഉറപ്പുവരുത്തണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനുള്ളില്‍ കമ്മീഷനെ അറിയിക്കാനും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: