കുണ്ടറ: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വലവിജയം കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ വികസനത്തിനുള്ള അംഗീകാരമാണെന്നും ഇതു കണ്ടെങ്കിലും കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ നടത്തുന്ന വ്യാജപ്രചരണങ്ങളില്‍ നിന്നും പിന്മാറണമെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്.
കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.മുരളീധരന്. മരുന്നുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചെന്ന് വ്യാജപ്രചരണം നടത്താന്‍ കേരളസര്‍ക്കാരും ചില മാധ്യമങ്ങളും രംഗത്തുവന്നത് അങ്ങേയറ്റം നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രം എങ്ങനെ മരുന്നുവില വര്‍ധിച്ചുവെന്നത് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
ഓരോ ദിവസവും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനപദ്ധതികളെയും ജനോപകാരപ്രദമായ പരിപാടികളെയും മനഃപ്പൂര്‍വ്വം തമസ്കരിക്കുന്നതും വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ കുപ്രചരണങ്ങളാക്കി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ ഇടതുപക്ഷവും വലതുപക്ഷവും ശ്രമിക്കുന്നതും ജനം തിരിച്ചറിയും. അത് ചെന്നെത്തുന്നത് ഇരുരാഷ്ട്രീയപാര്ട്ടികളുടെയും നാശത്തിലേക്കായിരിക്കും.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കേരളത്തിന്റെ ഭക്ഷ്യവകുപ്പുമന്ത്രി പറഞ്ഞത് എന്തര്‍ത്ഥത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഭക്ഷ്യസുരക്ഷാപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്യുമ്പോള്‍ കേരളത്തില്‍ മാത്രം ഇത് ചെയ്യുന്നില്ലെന്ന് പറഞ്ഞ മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വി.മുരളീധരന് പറഞ്ഞു.
മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ സര്‍ക്കാരാണ്. ഇവിടുത്തെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴിലവസരം സൃഷ്ടിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കും. രാജ്യത്തിന്റെ പ്രതിരോധ-പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ ലക്ഷകണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരം ലഭ്യമാകും.
കേരളത്തില്‍ സിപിഎമ്മെന്ന പ്രസ്ഥാനം തകര്‍ച്ചയുടെ വക്കിലാണ്. ബംഗാളിലെ പോലെ സിപിഎം കേരളത്തില്‍ നശിക്കാന്‍ ഇനി അധിക കാലങ്ങളെടുക്കില്ല. കേരളത്തിന്റെ അധികാരം പിടിക്കുന്ന പാര്‍ട്ടിയായി ബിജെപിയെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മുരളീധരന് പറഞ്ഞു.
ബിജെപി കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ആര്.ദേവരാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍, ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, പന്നിമണ്‍ രാജേന്ദ്രന്, പി.ശിവന്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ആര്.എസ്.പ്രശാന്ത്, മഹിളാമോര്‍ച്ച ജില്ലാപ്രസിഡന്റ് വസന്താ ബാലചന്ദ്രന്, ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: