മെല്‍ബണ്‍: ആസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യഭാരത പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. അടുത്തമാസം ബിസ്ബണില് നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുത്തശേഷമായിരിക്കും മോദി ആസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ ആദ്യ ആസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍ തന്നെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതില്‍ നിരവധി എംപിമാര്‍ സന്തോഷം പ്രകടിപ്പിച്ചു. പാര്‍ലമെന്റില്‍ ഹിന്ദിയിലായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം. മറ്റ് രാജ്യങ്ങളില്‍ പര്യടനം നടത്തിയപ്പോഴും മോദിയുടെ പ്രസംഗം ഹിന്ദിയിലായിരുന്നു.
മോദിയുടെ പ്രസംഗം ഹിന്ദിയിലാണെങ്കില്‍ അതിന്റെ അര്‍ത്ഥം ഭാരതത്തിന്റെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും ശക്തിയെയും അദ്ദേഹം ബഹുമാനിക്കുന്നുവെന്നതാണെന്ന് തസ്മാനിയയിലെ ലേബര്‍ സെനറ്റര്‍ ലിസ സിങ് പറഞ്ഞു. ഭാരതവംശജയായ ആദ്യ ഫെഡറല്‍ പാര്ലമെന്റേറിയയാണ് സിങ്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത് അത്ഭുതകരമായ അന്തസ്സുയര്‍ത്തുന്ന ഒരു മുഹൂര്‍ത്തമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
മോദിയുടെ സന്ദര്‍ശനത്തെ ഏവരും കാത്തിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ് എന്നിവരും ആസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്. മോദിയുടെ പാര്‍ലമെന്റ് പ്രസംഗം ഭാരത ആസ്ട്രേലിയന്‍ ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് സിഡ്നിയിലെ ചിന്തകനായ റോറി മിഡ്കാഫ് പറയുന്നു. വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷയായ ഹിന്ദിയിലെ പ്രസംഗം ആസ്ട്രേലിയക്ക് നല്ലഓര്‍മ്മകള്‍ സമ്മാനിക്കുമെന്നും ഇംഗ്ലീഷിന് ജനാധിപത്യത്തില്‍ ഒരു കുത്തകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: