തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്.കുപ്രചാരണങ്ങളുടെ പൊള്ളത്തരം എന്തെന്ന് വ്യക്തമാകുന്നതാണ് തെരഞ്ഞെടുപ്പു ഫലം. വസ്തുതകളുമായി പൊരുത്തമില്ലാത്ത പ്രചാരണങ്ങളാണ് ബിജെപിക്കെതിരെ നടന്നത്. മരുന്നുവില വര്‍ധിപ്പിച്ചു എന്നതടക്കമുള്ള പ്രചാരണങ്ങള്‍ ഇത്തരത്തിലുള്ളതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുമാസത്തെ സദ്ഭരണത്തിനുള്ള അംഗീകാരമാണ് ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ചില സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ചില സീറ്റുകളില്‍ മറ്റുള്ളവര്‍ക്ക് വിജയമുണ്ടായപ്പോള്‍ മോദി തരംഗം അവസാനിച്ചെന്നും കോണ്‍ഗ്രസ് തിരിച്ചു വന്നുവെന്നും കൊട്ടിഘോഷിച്ചവരാണ് ഒരുവിഭാഗം മാധ്യമങ്ങളും കോണ്‍ഗ്രസുകാരും. അവര്‍ക്കെല്ലാം തിരിച്ചടി ഉണ്ടായിരിക്കുകയാണ്. തിരിച്ചുവരാന്‍ കഴിയാത്ത തരത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കോണ്‍ഗ്രസിന് പരാജയങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. മോദിയുടെ സദ്ഭരണത്തിനും വികസനനയങ്ങള്‍ക്കും അംഗീകാരം നല്കിയ ജനങ്ങള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ആഗ്രഹിക്കുന്നതെന്നും വി. മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: