കൊച്ചി: മോണരോഗമുള്ളവരില്‍ ആമവാതം പിടിപെടാനുള്ള സാധ്യത ഒന്‍പത് മടങ്ങാണെന്ന് അമൃത ആശുപത്രി റൂമാറ്റോളജി ആന്റ് ക്ലിനിക്കല്‍ ഇമ്യൂണോളജി വിഭാഗം മേധാവി ഡോ.ഡി.പത്മനാഭ ഷേണായി ചൂണ്ടിക്കാട്ടി. കേരള ആര്‍ത്രൈറ്റീസ് ആന്റ് റൂമാറ്റിസം സൊസൈറ്റി സംഘടിപ്പിച്ച ലോക വാതരോഗ ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സന്ധികളില്‍ നീര്‍ക്കെട്ടു മൂലം വേദന അനുഭവിക്കുന്ന രോഗികള്‍ ദീര്‍ഘകാലം വേദന സംഹാരികള്‍ കഴിക്കാന്‍ പാടില്ലെന്നും മൂന്നു മുതല്‍ ആറുമാസത്തെ താരതമ്യേന ചെലവു കുറഞ്ഞ ചികിത്സയിലൂടെ രോഗത്തെ വരുതിയിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
മോണരോഗമുള്ളവരില്‍ പല്ലിന് ചുറ്റുമുള്ള അണുക്കളും വിഷാംശങ്ങളും രക്തത്തില്‍ കലര്‍ന്ന് നീര്‍വീക്കമുള്ള സന്ധികളില്‍ അടിയുന്നത് വാതസംബന്ധമായ രോഗങ്ങളുടെ തീവ്രതയും ചികിത്സാ കാലയളവും വര്‍ധിപ്പിക്കുന്നുണ്ടെന്ന് തിരുവല്ല പുഷ്പഗിരി ദന്തല്‍ കോളേജ് പ്രൊഫസര്‍ ഡോ.എസ്.രൂപേഷ് ചൂണ്ടിക്കാട്ടി. പി.രാജീവ് എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന്, ഡോ.ജുനൈദ് റഹ്മാന്, ഡോ.സുമാ ബാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു. വാതരോഗ വിമുക്തി നേടിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: