അടൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയാല്‍ അദ്ദേഹത്തെ വധിക്കാനായി ചാവേറിനെ പരിശീലിപ്പിക്കുന്നെന്ന് കാട്ടി ബിജെപി നിയോജകമണ്ഡലം ഓഫീസിലേക്ക് ഭീഷണിക്കത്ത്. ഇന്നലെ നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാര്‍ ഓഫീസിലെത്തിയപ്പോഴാണ് മുറിക്കുള്ളില്‍ പോസ്റ്റലില്‍ എത്തിയ കത്ത് കണ്ടത്.
നരേന്ദ്രമോദി കേരളത്തിലെത്തിയാല്‍ അദ്ദേഹത്തെ വധിക്കാനായി ഞങ്ങള്‍ ചാവേറിനെ പരിശീലിപ്പിക്കുന്നതായും നിങ്ങള്‍ക്ക് രക്ഷവേണമെങ്കില് ഡബ്യുഒഎംബിസിയില് ചേരണമെന്നുമാണ് കത്തില്‍ പറയുന്നത്. ശ്യാംകുമാര്‍ എന്നപേരും ഒരു മൊബൈല്‍ ഫോണ്‍ നമ്പരും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.കത്തിന്റെ മുകള്‍ ഭാഗത്ത് ഏതാനും മൊബൈല്‍ നമ്പരുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
കവറിന് പുറത്ത് ശ്യാംകുമാര്‍, ഡബ്യുഒഎംബിസി, പുനലൂര്‍ എന്ന് എഴുതിയിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് സഹിതം ബിജെപി ഭാരവാഹികള്‍ അടൂര്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടനക്കാലത്ത് പ്രധാനമന്ത്രി കേരളത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ ഭീഷണിക്കത്ത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: