മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയും പൂനെ സിറ്റി എഫ്സിയും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങുന്നത്.
ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈ എഫ്സി അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് 3-0ന് പരാജയപ്പെട്ടപ്പോള്‍ പൂനെ സിറ്റി ദല്‍ഹി ഡൈനാമോസിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മുംബൈ ആദ്യ ഹോം മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട മുംബൈക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഇന്ന് വിജയിച്ചേ തീരൂ. സ്വീഡന്റെ മുന്‍ ദേശീയതാരം ഫ്രെഡ്രിക് ലുങ്ബര്ഗും മുന്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ നിക്കോളാസ് അനല്ക്കയുമാണ് ടീമിലെ സൂപ്പര്‍താരങ്ങള്‍. എന്നാല്‍ ഫിഫയുടെ വിലക്കുകാരണം അനല്‍ക്കക്ക് കളിക്കാന്‍ കഴിയില്ല എന്നതാണ് മുംബൈ എഫ്സിയെ അലട്ടുന്നത്.
പരിക്കുകാരണം ലുങ്ബര്ഗും അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ ആദ്യ കളിയില്‍ ഇറങ്ങിയിരുന്നു. ഇന്ന് ലുങ്ബര്‍ഗ് കളിക്കുമെന്നാണ് കരുതുന്നത്. അത്ലറ്റികോ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പന്ത് കൂടുതല്‍ സമയം കൈവശംവെച്ചത് മുംബൈ എഫ്സിയായിരുന്നെങ്കിലും മികച്ചൊരു സ്ട്രൈക്കറുടെ അഭാവും ഗോളിയുടെ മികവുമാണ് അവര്‍ക്ക് തിരിച്ചടിയായത്. അതേസമയം ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച താരവും മുംബൈയുടെ ക്യാപ്റ്റനുമായ സയിദ് റഹിം നബിയുടെ സേവനം ഉണ്ടാകില്ല എന്നതും തിരിച്ചടിയാണ്.
ആദ്യ മത്സരത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് നബിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അര്‍ജന്റീനന്‍ താരം ഡീഗോ നദായയും സ്പാനിഷ് താരം സാവി ഫെര്‍ണാണ്ടസും ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്സും ഉള്‍പ്പെടെയുള്ളവര്‍ തിളങ്ങിയാല്‍ മുംബൈ പ്രതീക്ഷകള്‍ക്ക് ജീവന്‍വയ്ക്കും. ജര്‍മ്മന്‍ താരം മാനുവല്‍ ഫ്രെഡ്രിച്ചും ജോഹാന്‍ ലെറ്റ്സെല്റ്ററും അണിനിരക്കുന്ന പ്രതിരോധനിരയും പ്രതിരോധനിരയ്ക്കും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ പൂനെ മുന്നേറ്റ നിരയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞേക്കും. അതേസമയം ആദ്യ മത്സരത്തില്‍ ഡെല്‍പിയറോയുടെ ദല്‍ഹി ഡൈനാമോസിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് പൂനെ ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.
ഫ്രഞ്ച് മുന്സൂപ്പര്താരം ഡേവിഡ് ട്രെസഗെയാണ് പൂനെയുടെ ആക്രണമത്തിന്റെ ആണിക്കല്ല്. ട്രെസ്ഗെയുടെ ബൂട്ടുകള്‍ ലക്ഷ്യം തെറ്റാതിരുന്നാല്‍ ഇന്ന് പൂനെ സിറ്റി എഫ്സിക്ക് പ്രതീക്ഷക്ക് വകയുണ്ട്. ദല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ട്രെസ്ഗെ ഉള്‍പ്പെടെയുള്ള സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴക്കുകയായിരുന്നു. ട്രെസ്ഗെയ്ക്ക് കൂട്ടായി ഈസ്റ്റ് ബംഗാളില്‍നിന്ന് പൂനയിലെത്തിയ നൈജീരയുടെ ഡുഡു ഒമാഗബെമിയും ഗിനിയയുടെ ഇവാന് ബൊലാഡോയുമുണ്ട്.
പരിതോഷ് മെഹ്ത, ജോക്വിം അബ്രാഞ്ചസ് എന്നിവരാണ് പൂനെയുടെ ഇന്ത്യന്‍ സ്ട്രൈക്കര്‍മാര്‍. മറ്റൊരു സൂപ്പര്‍താരം ഗ്രീസിന് വേണ്ടി 141 മത്സരങ്ങളില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ബൂട്ടുകെട്ടിയ കോസ്റ്റസ് കാറ്റ്സൊറാനിസ്. മധ്യനിരയില്‍ കളിമെനയുക എന്ന ഉത്തരവാദിത്തമാണ് ഗ്രീക്ക് താരത്തിനുള്ളത്. കാറ്റ്സൊറാനിസിനൊപ്പം ഉത്തരകൊറിയയുടെ പാര്‍ക്ക് ക്വാംഗ്, കൊളംബിയയില്നിന്നെത്തിയ ഒമര്‍ ആന്ദ്രെ റോഡ്രിഗസ്, ഇറ്റലിയുടെ ഡേവിഡ് കൊളംബ എന്നിവരും മധ്യനിരയിലെ കരുത്തന്മാരാണ്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍താരം മെഹ്റാജുദില്‍ വാഡു, ലെനി റോഡ്രിഗസ് പ്രതിക് ഷിന്‍ഡെ, മനിഷ് മയ്ത്താനി തുടങ്ങിയവരും മധ്യനിരയില്‍ കഴിവുതെളിയിച്ചവരാണ്.
പ്രതിരോധത്തില്‍ പരിചയസമ്പന്നനായ ഇറ്റലിയുടെ ബ്രൂണോ സിറിലോയുമുണ്ട്. ഇറ്റലിയുടെ തന്നെ ഡാനിയല്‍ മാഗ്ലിയോചെറ്റി, കൊളംബിയയുടെ ആന്ദ്രെ ഗോണ്‍സാലസ്, ഇന്ത്യയുടെ ധര്‍മരാജ് രാവണന് എന്നിവരും പ്രതിരോധത്തില്‍ കോട്ട തീര്‍ക്കും. ഗോള്‍വലയം കാക്കാന്‍ ജുവന്റസിനും നപ്പോളിക്കും റിഗ്ഗിനക്കും ഉദിനെസെക്കും വേണ്ടി ഗോള്‍വലയം കാത്ത അനുഭസമ്പത്തുമായി എത്തുന്ന ഇമ്മാനുവെലെ ബെലാര്ഡിയും ഇറങ്ങുന്നതോടെ മുംബൈ എഫ്സി താരങ്ങള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: