വിശാഖപട്ടണം: ആന്ധ്രയുടെയും ഒഡീഷയുടേയും തീരങ്ങളില്‍ വീശിയടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന് ശക്തികുറഞ്ഞു. കടല്‍ തീരനഗരമായ വിശാഖപട്ടണം സാധാരണ നിലയിലായി. 195 കിലോമീറ്ററിലേറെ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരയിലെത്തിയ കാറ്റ് ഇപ്പോള്‍ തെക്കന്‍ ഛത്തീസ്ഗഡിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ കാറ്റിനെ വേഗത വളരെ കുറവാണ്.
കാറ്റും കനത്തമഴയും ആന്ധ്രയിലും ഒഡീഷയിലും കനത്തനാശമാണ് വിതച്ചത്. നാശനഷ്ടമുണ്ടായ വിശാഖപട്ടണം വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. റണ്‍വേയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പതിനായിരം കോടിയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക കണക്ക്.
അതേസമയം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തെക്കന്‍ മധ്യപ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്രയുടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 24മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരും.
സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കും.
ഇതിനിടെ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അവസ്ഥനേരിടാന് സംസ്ഥാനങ്ങള്‍ വേണ്ട കരുതല്‍ നടപടികള്‍ കൈകൊള്ളണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: