അടിമാലി : വിലക്കുകള്‍ക്കിടയിലും സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൊബൈല്‍ ഉപയോഗം വര്‍ദ്ധിക്കുന്നു. പരിമിതികള്ക്കിടയില് ഫോണ്‍ നിയന്ത്രണം സ്കൂള്‍ അധികൃതര്‍ക്ക് തലവേദനയായിരിക്കുകയാണ്. യു.പി. തലം മുതലുള്ള കുട്ടികള്‍ ഫോണ്‍ ദുരുപയോഗം തുടങ്ങിയിരിക്കുന്നുവെന്നതാണ് കൗതുകം. ഫോണ്‍ ഉപയോഗം മൂലം അസന്മാര്ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അവസരമൊരുങ്ങുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. ഇത്തരം പ്രവണതകള്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതായും അധികൃതര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനവും, ഭാവി ജീവിതത്തില്‍ അവരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുന്ന രക്ഷിതാക്കള്‍ തന്നെ മൗനസമ്മതം നല്‍കുകയാണ്. സമൂഹത്തിലെ ഉന്നതരും വിദ്യാഭ്യാസമുള്ളവരുമൊക്കെ മത്സരബുദ്ധിയോടെ വില കൂടിയ മുന്തിയ ഫോണുകള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നു. കര്‍ശന നടപടിയെടുക്കുന്ന സ്കൂളുകള്‍ക്കെതിരെ രക്ഷകര്‍ത്താക്കള്‍ തിരിയുന്ന ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള മാടക്കടകള്‍ കേന്ദ്രീകരിച്ചാണ് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കല്‍. ചില സ്ഥലങ്ങളില്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് നിശ്ചിത തുക നല്‍കേണ്ടിവരും. രാവിലെ കൊടുക്കുന്ന ഫോണ്‍ സൗകര്യമനുസരിച്ച് തിരികെ വാങ്ങാം. അധികൃതര്‍ ഇടയ്ക്കിടെ നടത്തുന്ന പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണിത്. ഇടത്തരക്കാര്‍ മുതല്‍ താഴെത്തട്ടിലുള്ള കുടുംബങ്ങളിലുള്ള കുട്ടികള്‍ വരെ വിവിധ താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെട്ടാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നത്. വ്യാപകമായിട്ടുള്ള കാറ്ററിംഗ് കമ്പനികളില്‍ ബഹുഭൂരിപക്ഷം പേരും ജോലിയ്ക്ക് പോകുന്നു. മിക്കവാറും അവധി ദിവസങ്ങളിലാകും ജോലിയുണ്ടാവുക എന്നത് ഇവര്‍ക്ക് സൗകര്യമാകുന്നു. രാവിലെ ഇറങ്ങുന്ന കുട്ടികള്‍ വൈകുന്നേരം തിരികെയെത്തുമ്പോള്‍ 500 രൂപയെങ്കിലും കൂലിയായി വാങ്ങിയത് കൈയ്യിലുണ്ടാകും. ചില ദിവസങ്ങളില്‍ അധിക ജോലി ചെയ്യുമ്പോള്‍ തുക ഇരട്ടിയാകും. കൂടാതെ സംഘം ചേര്‍ന്ന് തോടുകളില്‍ നിന്നും മണല്‍ വാരി വില്‍പ്പന നടത്തുന്നവരുമുണ്ട്. ഇവരുടെ വരുമാന പരിധിയ്ക്ക് അതിരുകളില്ല. അമിതമായി കിട്ടുന്ന വരുമാനം അവരെ വഴിതെറ്റിക്കുന്നു. സംഘം ചേര്‍ന്നുള്ള ഇവരുടെ അനിയന്ത്രിതമായ നീക്കം സമൂഹത്തിലെ വിലക്കുകള്‍ മറികടക്കുവാന്‍ ഇവരെ പ്രേരിപ്പിക്കുന്നതായി ചില ക്രിമിനല്‍ പശ്ചാത്തലത്തിലുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നതുകൂടാതെ കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം പെരുകുന്നതിനും ഇടയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: