ന്യൂദല്‍ഹി: ശശി തരൂര്‍ എം പി യെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി . സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെതിരെ ക്രിമിനല്‍ നടപടി വരാനുള്ള സാദ്ധ്യതയാണ് ഒഴിവാക്കലിനു പിന്നിലെന്നറിയുന്നു.
സുന്ദന്ദ മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഈയിടെ എയിംസ് അധികൃതര്‍ പുറത്ത് വിട്ടിരുന്നു. അതിനെ തുടര്‍ന്ന് കേസ് പുനരന്വേഷിക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
കൂടാതെ ശശി തരൂര്‍ മോദിയെ പ്രശംസിച്ചതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിനെ സമീപിച്ചിരുന്നു. തരൂരിനെ വക്താവ് സ്ഥാനത്ത് നിന്നു നീക്കുന്നതിന് ഇതുമൊരു കാരണമായി.
എ.കെ.ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. വാര്‍ത്താക്കുറിപ്പിലൂടെയാണ് തരൂരിനെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കുന്നതായി ഹൈക്കമാന്‍ഡ് അറിയിച്ചത്.
തരൂരിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് കെപിസിസി നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അച്ചടക്ക നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് ശുപാര്‍ശ ചെയ്തിരുന്നു. തരൂരിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നു സമിതി ഹൈക്കമാന്‍ഡിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍പും ശശി തരൂരിന്റെ ഭാഗത്ത് നിന്ന് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോഴത്തെ വിവാദവും ഗൗരവമായി കാണണം. പാര്‍ട്ടിയുടെ വക്താവ് എന്ന നിലയില്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തരൂര്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2013 മേയ് മാസത്തിലാണ് തരൂരിനെ എഐസിസി വക്താവായി നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: