വിശാഖപട്ടണം: ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ കനത്ത നാശംവിതച്ച് ആഞ്ഞടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ ആന്ധ്രയിലും ഒഡിഷയിലുമായി മരിച്ചവരുടെ എണ്ണം എട്ടായി.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ വിശാഖപട്ടണത്തിനും ശ്രീകാകുളത്തിനും ഇടയിലുള്ള കൈലാസ് ഗിരിയിലാണ് ഹുദ് ഹുദ് ആദ്യം കരതൊട്ടത്.ആദ്യം 150 കി.മീ ആയിരുന്ന കാറ്റിന്റെ തീവ്രത പിന്നീട് മണിക്കൂറില്‍ 185 കി.മീ വേഗത്തില്‍ വീശിയടിച്ചു. ഉച്ചയോടെ ആന്ധ്രാതീരത്തു നിന്നും ഒഡിഷ തീരത്തേക്ക് നീങ്ങിയ ഹുദ്ഹുദിന്റെ തീവ്രത വൈകുന്നേരം കുറഞ്ഞു.
കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് നാലുലക്ഷത്തോളം പേരെ ഒഴിപ്പിച്ചതിനാല്‍ ആള്‍നാശം കുറയ്ക്കാനായി.ആന്ധ്രയില്‍നിന്ന് മൂന്ന് ലക്ഷത്തിലധികം പേരെയും ഒഡിഷയില്‍നിന്ന് 68,000 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
കാറ്റിനെത്തുടര്‍ന്ന് ആന്ധ്ര, ഒഡിഷ തീരങ്ങളില്‍ കനത്ത മഴ പെയ്യുകയാണ്.ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ ശക്തി ഇനിയും കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, കിഴക്കന്‍ വിദര്‍ഭ, തെലങ്കാന എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് എഴുപതോളം തീവണ്ടികള്‍ റദ്ദാക്കുകയും ചില തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇതുവരേയും പുനസ്ഥാപിച്ചിട്ടില്ല. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് ആന്ധ്രാ സര്‍ക്കാര്‍ വ്യക്തമാക്കി.
ഓപ്പറേഷന് ലഹര്‍ എന്ന പേരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി നാവികസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: