കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബര്‍ദ്വാന്‍ സ്ഫോടനക്കേസിന്റെ അന്വേഷണം എന്‍ഐഎ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ രാജ്യത്ത വിവിധ സംസ്ഥാനങ്ങളിലെ സ്ഫോടനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളം, തമിഴ്നാട്, ആസ്സാം, ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതു കൂടാതെ ആസ്സാം ബര്‍പെട്ടയില്‍ നിന്നും സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആറ് പേരെക്കൂടി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ജമാഅത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎന്‍ബി) എന്ന ജിഹാദി സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്നവരാണ് പ്രതികള്‍. ഇതിന് ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും എന്‍ഐഎ സംശയിക്കുന്നു. സംഘടനയുമായി ബന്ധമുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും എന്‍ഐഎ സംശയിക്കുന്നു.
അതേസമയം, ബംഗ്ലാദേശില്‍ പലയിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ ഭരണത്തെ അട്ടിമറിക്കുന്നതിനാണ് ജെഎന്‍ബി ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് സ്ഫോടനങ്ങള്‍ നടത്തിയിരുന്നതെന്നും എന്‍ഐഎ കൂട്ടിച്ചേര്‍ത്തു.
അതിനിടെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ പശ്ചിമബംഗാള്‍ കോടതിയില്‍ ശനിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസിന്റെ തുടര്‍വിചാരണ കൊല്‍ക്കത്ത കോടതിയിലേക്ക് മാറ്റണമെന്നും എന്‍ഐഎ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനുമുമ്പ് കേസന്വേഷിച്ചിരുന്ന പശ്ചിമബംഗാള്‍ സിഐഡി ജമാഅത്തുള്‍ മുജാഹിദ്ദീന്റെ പങ്കാളിത്തം കണ്ടെത്തിയിരുന്നതാണ്. ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് ബര്‍ദ്വാനിലെ റെസിഡന്‍ഷ്യല്‍ കോളനിയിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഇതില്‍ പ്രതികളുമായി പങ്കുള്ള രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഫോടന സ്ഥലത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് ജെഎന്ബിയുമായി പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയത്. ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: