ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ സ്ഫോടന പരമ്പര.ബാഗ്ദാദിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ ബോംബാക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സ്ഫോടനങ്ങള്‍.
ഖാസിമിയയിലെ സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ചെക്ക് പോസ്റ്റിലേക്കു കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു. മൂന്ന് പോലീസുകാരടക്കം 13 പേര് കൊല്ലപ്പെട്ടു. 28 പേര്‍ക്കു പരുക്കേറ്റു.
ഷൂലാ ജില്ലയിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തില്‍ മറ്റൊരാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെടുകയും 18 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി കാറുകളും കടകളും ആക്രമണത്തില്‍ തകര്‍ന്നു.
ഷൂലാ ജില്ലയിലെ തന്നെ സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെയുണ്ടായ മൂന്നാമത്തെ ആക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചതിനെ ശേഷം ഇറാഖിലും പരിസരപ്രദേശങ്ങളിലും ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: