മുഹമ്മ: ബാത്ത് റൂം സൗകര്യങ്ങളില്ലാത്ത ബോട്ട് യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്നു. ജലഗതാഗത വകുപ്പിന്റെ മുഹമ്മ-കുമരകം ഫെറി സര്‍വീസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ദുര്യോഗം. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഈ ഫെറി സര്‍വീസിനെ ആശ്രയിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന തടി ബോട്ടുകളില്‍ ബാത്ത് റൂം സൗകര്യമുണ്ടായിരുന്നു. പിന്നീട് അഞ്ചുമാസം മുമ്പ് വന്ന എസ്-52, എസ്-54 സ്റ്റീല്‍ ബോട്ടുകളിലാണ് ബാത്ത് റൂം സൗകര്യമില്ലാത്തത്.
അതേസമയം ചെറിയ വാഹനങ്ങള്‍ കയറ്റിയിറക്കാന്‍ ഈ ബോട്ടില്‍ സൗകര്യമുണ്ട്. ദീര്‍ഘദൂര സര്വീസാകയാല് ബാത്ത് റൂം സൗകര്യം ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയെങ്കിലും നടപടിയില്ല. ബോട്ട് യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുഹമ്മ ജെട്ടിയിലോ കുമരകം ജെട്ടിയിലോ സൗകര്യമില്ലെന്നത് മറ്റൊരു പോരായ്മയാണ്.
ബോട്ട് ദുരന്ത സ്മാരകമായി കുമരകത്ത് നിര്‍മ്മിച്ച മന്ദിരം ഉദ്ഘാടനം നടത്തിയതല്ലാതെ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തില്ലി. അതിപ്പോഴും അടച്ചുപൂട്ടിയ നിലയിലാണ്. മുഹമ്മ ജെട്ടിയില്‍ പണി പൂര്‍ത്തിയാക്കിയ ഓഫീസ് മന്ദിരം ഉദ്ഘാടനം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതേസമയം പഞ്ചായത്ത് കെട്ടിട നമ്പര്‍ ഇട്ടു നല്‍കാത്തത് മൂലം വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ കഴിയാത്തതാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്.
തീരദേശ പരിപാലന നിയമം പാലിച്ചല്ല കെട്ടിടം നിര്‍മ്മിച്ചതെന്ന ആക്ഷേപവുമുണ്ട്. ചുരുക്കത്തില്‍ ബോട്ട് യാത്രക്കാരന് ബോട്ടിലും ജെട്ടികളിലും പ്രാഥമികാവശ്യം നിറവേറ്റാന്‍ സൗകര്യമില്ല. ഇത് യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലാണ്. സ്റ്റീല്‍ ബോട്ടുകളില്‍ ബാത്ത് റൂം സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജലഗതാഗത ഡയറക്ടര്‍ മൂന്നുമാസം മുമ്പ് ജെട്ടിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പറഞ്ഞിരുന്നെങ്കിലും നടപടിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: