ബ്രഹ്മപുരി: പതനത്തില്നിന്നുയരാന് കഴിയാതായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മരണത്തിനു കാരണമാകുന്നത് സ്വന്തം പാപങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യുന്ന മോദി വന്‍തരംഗമായി തുടരുകയാണ്.
ഹിങ്ഗോളി, ധമാങ്ഗാവ്, ബ്രഹ്മപുരി എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്ത് മോദി വിവരിച്ചത് ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടരുന്ന കുടുംബവാഴ്ച മക്കള്രാഷ്ട്രീയത്തിന്റേതായിരുന്നെങ്കില് സംസ്ഥാനത്തത് അമ്മാവന്-മരുമകന് മുറയിലാണെന്ന് മോദി വിമര്‍ശിച്ചു.
അങ്ങനെ കോണ്‍ഗ്രസിനെയും എന്‍സിപിയേയും കണക്കിനു വിമര്‍ശിക്കുന്ന മോദിയുടെ റാലികള്‍ സംസ്ഥാനത്ത് വന്ബിജെപി അനുകൂല തെരഞ്ഞെടുപ്പു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് പുനരുജ്ജിവിക്കാന് ഒരു സാധ്യതയും കാണുന്നില്ല. ഇനി കോണ്‍ഗ്രസിനെ ആര്‍ക്കും രക്ഷിക്കാനാവില്ല. സ്വന്തം പാപംകൊണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണത്. രാജ്യത്തെ ദരിദ്ര വിഭാഗമാണ് കോണ്‍ഗ്രസിനെ കഴിഞ്ഞ 60 വര്‍ഷമായി പിന്തുണച്ചിരുന്നത്. പക്ഷേ, പിന്തുണച്ചവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്കായില്ല. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ പാവങ്ങള്‍ക്കുവേണ്ടി എന്തുചെയ്തു? മോദി ചോദിച്ചു. പാവങ്ങള്‍ വോട്ടുചെയ്തു, പക്ഷേ ചില കുടുംബക്കാര് അതിന്റെ നേട്ടം അനുഭവിച്ചു. മധുരം നുണഞ്ഞ് അവര്‍ ആസ്വദിച്ചു, മോദി പറഞ്ഞു.
ഒക്ടോബര്‍ 15-ന് 15 വര്‍ഷത്തെ കോണ്‍ഗ്രസ്-എന്‍സിപി ദുര്‍ഭരണത്തിന്റെ മരണമണി മുഴക്കുമെന്ന് മോദി പറഞ്ഞു. കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ വിദര്‍ഭയില്‍ ആത്മഹത്യ ചെയ്ത സംഭവം വിശദീകരിച്ച മോദി ഇങ്ങനെ പറഞ്ഞു, നമ്മുടെ കര്‍ഷകരുല്‍പ്പാദിപ്പിക്കുന്ന ഓറഞ്ചിന് ലോകമെമ്പാടും വന്‍ ഡിമാന്റാണ്, പക്ഷേ ആ ഒറഞ്ചു നീരുകുടിക്കുന്നതിനു പകരം വിഷം കുടിക്കാനാണ് നമ്മുടെ കര്‍ഷകരുടെ യോഗം. ഇതിനു കാരണക്കാര്‍ കോണ്‍ഗ്രസ്-എന്‍സിപി ഭരണകുടമാണ്.
എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനത്തെ പരുത്തിക്കൃഷിക്കാരെ രക്ഷിക്കാന്‍ അഞ്ച് എഫ് ഫോര്‍മുല അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരുത്തിക്കര്‍ഷകര്‍ക്ക് പരുത്തി ഉല്‍പ്പാദനത്തിനു സഹായം നല്‍കും. ഉല്‍പ്പാദിപ്പിക്കുന്ന ഗ്രാമങ്ങളില്‍തന്നെ തുണിമില്ലുകള്‍ തുടങ്ങി, അവിടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കും. അവിടുന്ന് സര്‍ക്കാര്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും. വിദേശത്തേക്കു കയറ്റുമതി ചെയ്യാനും സഹായിക്കും, മോദി പറഞ്ഞു.
ശരത്പവാറിന്റെ സ്വന്തം മണ്ഡലമായ ബാരാമതിയില്‍ റാലിയില്‍ പങ്കെടുക്കവേ ഈ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യ പോരാട്ടമാണെന്ന്് മോദി പറഞ്ഞു. അമ്മാവന്-മരുമകന് ഭരണത്തില്‍നിന്നുള്ള മോചനത്തിനുള്ള പോരാട്ടം. ഞാന്‍ ബാരാമതിയിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഇവിടേക്ക് ധാരാളം പണം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്നു. പക്ഷേ എവിടെപ്പോയി അതെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ കര്‍ഷകര്‍ ഉണര്‍ന്നുകഴിഞ്ഞു. അവന് സ്വന്തം അവകാശങ്ങള്‍ക്കായി ചോദിക്കാന്‍ തുടങ്ങി, മോദി പറഞ്ഞു.
കോണ്‍ഗ്രസ് 60 വര്‍ഷം ഭാരതം ഭരിച്ചു. ഒരുത്തരവാദിത്വവും ജനങ്ങളോടോ രാജ്യത്തോടോ കാണിച്ചിട്ടില്ല. ഇപ്പോള്‍ 60 ദിവസം ഭരണത്തിലായ എന്നോട് മറുപടി ചോദിക്കുന്നു, മോദി പറഞ്ഞു. ഞാന്‍ സാധാരണക്കാരനാണ്. ജനങ്ങളായ നിങ്ങളാണ് എന്റെ ഹൈക്കമാണ്ട്, മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: