ആലപ്പുഴ: എ-സി റോഡില്‍ കൈതവന മുതല്‍ പള്ളാത്തുരുത്തി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങളിലേക്ക് അറവുമാലിന്യം, കക്കൂസ് മാലിന്യം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമായി. ആലപ്പുഴ നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ നടപടി സ്വീകരിച്ചതോടെയാണ് ആള്‍ത്താമസമില്ലാത്ത ഈ പ്രദേശത്ത് നിക്ഷേപിക്കാന്‍ തുടങ്ങിയത്. ദുര്‍ഗന്ധം മൂലം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കുവാനോ പാടശേഖരങ്ങളില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് പണിയെടുക്കാനോ കഴിയാത്ത അവസ്ഥ നിലവില്‍ സംജാതമായി. ഹൗസ്ബോട്ടുകളില്‍ കയറുവാന്‍ പള്ളാത്തുരുത്തിയില്‍ വരുന്ന വിദേശസഞ്ചാരികള്‍ മൂക്കുപൊത്തേണ്ട ഗതികേടിലാണ്. കുട്ടനാട് കാര്‍ഷിക മേഖല തുടങ്ങുന്ന ഭാഗം തന്നെ മാലിന്യ കേന്ദ്രമായി മാറുകയാണ്. രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതും കക്കൂസ് മാലിന്യം ടാങ്കറില്‍ കൊണ്ടുവന്ന് റോഡരികില്‍ തള്ളുന്നതിന് ഇവര്‍ക്ക് സഹായകരമാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന് കിസാന്‍ജനതയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണാധികാരികള്‍ക്ക് ബഹുജന പങ്കാളിത്തത്തോടെ നിവേദനം കൊടുക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഷൈബു കെ.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: