ന്യൂദല്‍ഹി: മാനസികാരോഗ്യകേന്ദ്രങ്ങളുടെ ആധുനികവല്‍ക്കരണത്തിനും വികസനത്തിനുമായി രാജ്യത്തെ എല്ലാആശുപത്രികളിലും പ്രത്യേകം ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. എല്ലാ ആശുപത്രികളിലും മാനസികാരോഗ്യ ചികിത്സയ്‌ക്കായി പ്രത്യേക വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ മാനസികാരോഗ്യനയം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. നയം പാര്‍ലമെന്റില്‍ നിയമമാക്കുമെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നാം ദേശീയ മാനസികാരോഗ്യദിനത്തോടനുബന്ധിച്ചാണ് മന്ത്രി വിശദീകരിച്ചത്.
2020ഓടെ രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക വിഷമതകളുള്ളവരായി മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഭാരതത്തിലാകെയുള്ളതെ കേവലം 3,500 മാനസികരോഗ വിദഗ്ധന്മാര്‍ മാത്രം. ഈ കുറവ് നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത ഒരു ദശാബ്ദത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്, ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
1858ലെ ഇന്ത്യന്‍ ഭ്രാന്താലയ നിയമവും 1912ലെ ഇന്ത്യന്‍ ചിത്തഭ്രമ നിയമവും യാതൊരുവിധ മാനുഷിക മുഖങ്ങളുമുള്ളതല്ലായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം 31 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പുതിയ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നത്. എന്നാല്‍ അതു ഒമ്പതു വര്‍ഷം നീണ്ടു. ഒടുവില്‍ 1987ല്‍ നിയമം വന്നപ്പോള്‍ അതിലാകട്ടെ പോരായ്‌മകള്‍ മാത്രവും. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ 1987ലെ നിയമം നടപ്പാക്കിയതേയില്ല, കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു. അത്തരം പോരായ്‌മകളെല്ലാം പരിഹരിച്ചുള്ള നിയമനിര്‍മ്മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
മാനസികാരോഗ്യ കര്‍മ്മ പദ്ധതി 365 എന്ന പരിപാടികൂടി മാനസികാരോഗ്യനയത്തിന്റെ ഭാഗമായി കേന്ദ്രആരോഗ്യമന്ത്രാലയം നടപ്പാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനു പുറമേ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയേയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ഭാരതത്തിലെ പ്രതിനിധി നാതാ മെനാബ്‌ഡെ, കേന്ദ്രആരോഗ്യസെക്രട്ടറി ലോവ് വര്‍മ്മ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
















