ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് വിവാദ കരാറുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ പങ്കിനെപ്പറ്റി സിബിഐ അന്വേഷിക്കുന്നുണ്ടോയെന്ന് സുപ്രീംകോടതി. വിവാദ കരാറിലെ ചിദംബരത്തിന്റെ പങ്ക് സിബിഐ അന്വേഷണത്തിന്റെ പരിധിയിലുണ്ടോയെന്ന് കോടതി ആരായണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ പരാമര്‍ശം. കേസില്‍ സിബിഐക്കു വേണ്ടി ഹാജരായ അഡ്വ.കെ.കെ. വേണുഗോപാലിനോടായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ഒക്ടോബര്‍ 16നകം മറുപടി നല്‍കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
എയര്‍സെല്‍-മാക്സിസ് കരാറുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പരാമര്‍ശങ്ങള്‍ മുന്‍ധനമന്ത്രി പി.ചിദംബരത്തിന്റെ പങ്കു വ്യക്തമാക്കുന്നതാണെന്ന് സുബ്രഹ്മണ്യന് സ്വാമി സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. വിവാദ കരാറിന് അനുമതി നല്‍കിയത് ചിദംബരമാണ്. അതിനാല്‍ത്തന്നെ അന്വേഷണ പുരോഗതി സിബിഐ വ്യക്തമാക്കണം, സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എയര്‍സെല്ലിന്റെ നൂറുശതമാനം ഓഹരികളും മാക്സിസ് കമ്പനി സ്വന്തമാക്കിയത് രാജ്യത്തെ നിലവിലുള്ള നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ 2006ല്‍ വിദേശ നിക്ഷേപ അനുമതി തേടി ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡിനെ സമീപിച്ച ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വ്വീസസിന് വിദേശ നിക്ഷേപ അനുമതി നല്‍കിയത് ധനമന്ത്രി ചിദംബരമാണ്. അതിനാല്‍ത്തന്നെ കേസന്വേഷണം ചിദംബരത്തിലേക്കാണ് പോകേണ്ടത്, സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ ചിദംബരത്തേയും മകനേയും അന്വേഷണ വിധേയമാക്കണമെന്നാണ് തന്റെ ആവശ്യമെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഭാരതത്തിലെ ഒരു കമ്പനിയുടെ 74 ശതമാനത്തിലധികം ഓഹരികള്‍ വാങ്ങാന്‍ വിദേശ കമ്പനികള്‍ക്ക് അധികാരമില്ല. എന്നിട്ടും ചിദംബരം കരാറിന് അനുമതി നല്‍കിയത് ദുരൂഹമാണ്, സ്വാമി പറഞ്ഞു.
















