ഭുവനേശ്വര്‍: ഇന്ത്യന്‍ തീരത്തേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കൊടും ചുഴലിക്കാറ്റ് ഹുഡ് ഹുഡിനെ നേരിടാന്‍ ഒറീസ, ആന്ധ്ര തീരങ്ങളില്‍ സര്‍വ സന്നാഹങ്ങളോടെ തയാറെടുപ്പു നടക്കുന്നു. ഇരു സംസ്ഥാനങ്ങളും സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടേയും സംസ്ഥാന ദൂരന്ത നിവാരണ സേനയുടേയും അംഗങ്ങളും ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. തീരത്ത് താമസിക്കുന്ന ആളുകളെ പരമാവധി ഇന്നു വൈകിട്ടുതന്നെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒറീസ സര്‍ക്കാര്‍ നടത്തുന്നുണ്ട്.
ഇന്ത്യന്‍ തീരത്ത് 140 കിലോമീറ്റര്‍ വേഗത്തില്‍ ഹുഡ്ഹുഡ് വീശാനുള്ള സാധ്യത മുന്‍നിര്‍ത്തി തീര മേഖലകളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിക്കുകയാണ്. കാറ്റ് ശനിയാഴ്ച വൈകിട്ടോടെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പ്പൂരിനും ഇടയിലൂടെ കരയിലേക്കു വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. വരുന്ന 24 മണിക്കൂറില്‍ ഇവിടങ്ങളില്‍ പേമാരിക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
നാളെ വൈകിട്ടോടെ കാറ്റ് കരയിലേക്കു കയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കും. ഇതിനു മുന്നോടിയായിട്ടാകും കനത്ത മഴ പെയ്യുക. കാറ്റടിച്ചു കഴിഞ്ഞാല്‍ പ്രദേശങ്ങളില്‍ വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ താറുമാറാകാനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ട്. വെള്ളപ്പൊക്ക സാധ്യതയും തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തോട് ചേര്‍ന്ന കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. യാംഗൂണ്‍, ബാങ്കോക്ക്, കൊളംബോ, ധാക്ക, കറാച്ചി, മാലിദ്വീപ്, മസ്ക്കറ്റ് എന്നിവിടങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
















