ആലപ്പുഴ: കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്നാവശ്യപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച് സിപിഎമ്മിന്റെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ തെരുവ് യുദ്ധം. കുടുംബശ്രീയുടെ യോഗം നടന്ന കളക്ട്രേറ്റിലെ ഹാളിലേക്ക് ഇവര്‍ ഇരച്ചുകയറി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്ലെറിഞ്ഞു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്ററെ മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുകാരെ കയ്യേറ്റം ചെയ്യാനും കുടുംബശ്രീ പ്രവര്‍ത്തര്‍ ശ്രമിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര് നാസര്‍, ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി എന്നിവരുടെ നേതൃത്വത്തിലാണ് നിരോധനാജ്ഞ ലംഘിച്ച് ആക്രമണം നടത്തിയത്.
പോലീസ് ബാരിക്കേഡ് ഭേദിച്ച പ്രവര്‍ത്തകര്‍ ആദ്യം കുടുംബശ്രീ ഓഫീസിലേക്കും പിന്നീട് കളക്ട്രേറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് കളക്ട്രേറ്റിനു മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജില്ലാ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ഹാളില്‍ നടന്ന യോഗത്തിലേക്കും പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ജില്ലാ കോര്‍ഡിനേറ്ററെ അസഭ്യം പറഞ്ഞു. പിന്നിട് ആലപ്പുഴ സബ് കളക്ടറും പോലീസും ഇടപ്പെട്ടാണ് ജില്ലാ കോര്‍ഡിനേറ്ററെ രക്ഷപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി, ജില്ലാ പഞ്ചായത്ത് അംഗമായ കെ.ജി. രാജേശ്വരി, മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി ജലജാ ചന്ദ്രന്, ഷീജപാലമേല്, കുഞ്ഞുമോള്‍, ഷൈലജ, അമ്പിളി, ഷീന, മായ, ഉഷകുമാരി, മഹേശ്വരി, വി.വി. ഷീല, ഷീജാലക്ഷ്മി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വരും ദിവസങ്ങളിലും ജില്ലാ കോര്‍ഡിനേറ്റര്‍ക്കെതിരെ സമരം നടത്താനാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ തീരുമാനം.
അതിനിടെ കുടുംബശ്രീയെ സിപിഎമ്മിന്റെ പോക്കറ്റ് സംഘടനയാക്കാനുളള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുടുംബശ്രീ സംരക്ഷണ മാര്‍ച്ചും നടത്തി. കുടുംബശ്രീ ഓഫീസിന് മുന്നില്‍ സിപിഎം സമരവും ഇവിടേയക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ചും എത്തിച്ചേരുമ്പോള്‍ ഉണ്ടാകാനിടയുളള അനിഷ്ടസംഭവങ്ങള്‍ മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് കുടുംബശ്രീയ്ക്ക് മുന്നിലുള്ള മാര്‍ച്ച് ഒഴിവാക്കി ഭട്ടതിരിപ്പുരയിടത്തില്‍ സമ്മേളനം നടത്തുകയായിരുന്നു.
കുടുംബശ്രീയില്‍ നടന്ന അഴിമതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഓഫീസറാണ് ഇപ്പോള്‍ ചുമതലയിലുള്ളത്. ഭവനശ്രീ വായ്പ എഴുതി തള്ളിയപ്പോള്‍ ചില സിഡിഎസ് ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അരൂര്‍ ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റിലെ ഒരുരുസ്വകാര്യ കമ്പനിയിലെ ഉല്പന്നങ്ങളാണ് കുടുംബശ്രീ ലേബല്‍ ഒട്ടിച്ച് ഹോം ഷോപ്പ് വഴി വിറ്റഴിക്കുന്നത് എന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്.
2006 മുതല്‍ നാളിതു വരെയുള്ള കൂടുംബശ്രീയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആവശ്യപ്പെട്ടു. തോമസ് ഐസക് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി മറച്ചുവയ്ക്കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരെ സിപിഎം തെരുവില്‍ ഇറക്കിയതെന്ന് ഷുക്കൂര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: