ആലപ്പുഴ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കോളനിയും പോലീസ് സ്റ്റേഷന് പരിസരവും ശുചീകരിച്ചത്, ശുചീകരണം പ്രസംഗിച്ച് ഉദ്ഘാടനം ചെയ്ത് സ്ഥലംവിടുന്നവര്ക്ക് തിരിച്ചടിയായി. മോദിയടെ മാതൃക പിന്തുടര്ന്ന് തോമസ്ഐസക്ക് എംഎല്‍എയും രംഗത്ത്. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കക്കൂസാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്.
ആലപ്പുഴ നിയോജക മണ്ഡലത്തിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് വൃത്തിയാക്കല്‍ യജ്ഞത്തിലൂടെ എംഎല്‍എ നിര്‍വഹിച്ചത്. നിരവധി വര്‍ഷങ്ങളായി എംഎല്‍എയും മന്ത്രിയുമായിരുന്ന തോമസ് ഐസക്ക് ആദ്യമായാണ് സ്വന്തം മണ്ഡലത്തിലെ സ്കൂള്‍ വൃത്തിയാക്കാന്‍ നേരിട്ട് രംഗത്തിറങ്ങുന്നത്. എംഎല്‍എയുടെ മണ്ഡലത്തിലെ പല സ്കൂളുകളിലെയും മുത്രപുരകളുടെയും കക്കുസുകളുടെയും അവസ്ഥ പരിതാപകരമാണ്. മറ്റു സ്കൂളുകളിലും ഇത്തരത്തില്‍ എംഎല്‍എ നേരിട്ട് വല്ലപ്പോഴെങ്കിലും ശുചീകരണത്തിനിറങ്ങണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ വിദ്യാര്‍ത്ഥികളെ ശുചീകരണത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിനായി സ്കൂളിലെ മൂത്രപ്പുര ശുചീകരിക്കാന്‍ വെള്ളം കോരിച്ചതിന് പ്രഥമാദ്ധ്യാപികയെ ചിലരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്തതും എംഎല്‍എയുടെ മണ്ഡലത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്കൂള്‍ ശുചീകരണവുമായി രംഗത്തെത്തിയ എംഎല്‍എ അന്ന് വോട്ട്ബാങ്ക് ഭയന്ന് മൗനം പാലിക്കുകയായിരുന്നു. പ്രധാനമന്തി ചൂലെടുത്ത് മാതൃക കാട്ടിയതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രസംഗിച്ച് ഉദ്ഘാടനം ചെയ്ത് സ്ഥലംവിടുന്ന ജനപ്രതിനിധികളെ വെട്ടിലാക്കി.
ബ്ലോക്ക് അതിര്‍ത്തിയിലെ എല്ലാ സ്കൂളുകളിലും മൂത്രപ്പുരയും കക്കൂസും ക്ലാസ് മുറികളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനു ബ്ലോക്ക് ജീവനക്കാര്‍ നേതൃത്വം നല്‍കാനൊരുങ്ങുകയാണ്. കക്കൂസും മൂത്രപ്പുരകളും സ്വന്തമായി വൃത്തിയാക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ സന്നദ്ധസംഘം രൂപീകരിക്കും. ഗ്രൂപ്പുതിരിച്ചു കുട്ടികള്‍ തന്നെ ഓരോ ആഴ്ചയും എല്ലാ ദിവസവും രാവിലെ ഇവ വൃത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: