ആലപ്പുഴ: യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ യുഎസ് ഫോറസ്റ്റ് സര്‍വീസ് നടത്തിയ വന പ്രജനന പര്യവേക്ഷണ പരിപാടിയില്‍ ഹരിപ്പാട് സ്വദേശിയും പങ്കെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രി ബ്രീഡിങ്ങിലെ ശാസ്ത്രജ്ഞന് ഡോ. കണ്ണന് സി.എസ്.വാര്യരാണ് പരിപാടിയില്‍ പങ്കെടുത്ത ഏക മലയാളി ശാസ്ത്രജ്ഞന്. ക്ലോണല്‍ വിത്ത് തോട്ടങ്ങളുടെ രൂപീകരണം, ഉന്നത ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, വനം തോട്ടങ്ങളുടെ പരിപാലനം, ആധുനിക ഡിഎന്‍എ വിശകലന രീതികള്‍, വനം ടൂറിസം തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.
യുഎസിലെ വിവിധ ലോകോത്തര സര്‍വകലാശാലകളും പത്തംഗ ഭാരതസംഘം സന്ദര്‍ശിച്ചു. തൃശൂരിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഫോറസ്ട്രിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ കണ്ണന് വാര്യര്‍ ഡെറാഡൂണിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ആലപ്പുഴ ജില്ലയിലെ സര്‍പ്പക്കാവുകളെ കുറിച്ച് നടത്തിയ പഠനത്തിന് ജൈവവൈവിദ്ധ്യ മേഖലയിലെ മികച്ച ഗവേഷകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അഞ്ചുതവണ കാര്‍ഷിക സര്‍വകലാശാല പ്രതിഭയായിരുന്നു.
ഇദ്ദേഹം സ്വന്തമായി ഈണം നല്കി ആലപിച്ച 10 ഗാനങ്ങള്‍ അടങ്ങിയ ദശപുഷ്പം എന്ന ആല്‍ബവും അടുത്തിടെ പുറത്തിറക്കിയിരുന്നു. പ്രശസ്ത ജ്യോതിഷ പണ്ഡിതനും വാഗ്മിയുമായിരുന്ന പ്രൊഫ.എന്‍.എം.സി. വാര്യരുടെയും അഷ്ടപദി ഗായികാരത്നം പരേതയായ ശ്രീദേവി വാര്യരുടെയും മകനാണ്. ഭാര്യ ഡോ. രേഖയും കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ആന്‍ഡ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ്ങില്‍ ശാസ്ത്രജ്ഞയാണ്. മക്കള്‍ : അമൃത്, അനിരുദ്ധന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: