ന്യൂദല്‍ഹി: പാക് റേഞ്ചേഴ്സിന്റെ 73 സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരേ ഭാരത കരസേനയുടെ ശക്തമായ തിരിച്ചടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക് സൈന്യം അവസാനിപ്പിക്കുന്നതു വരെ ശക്തമായി തിരിച്ചടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് അനുമതി നല്കി. ഇതിനു പിന്നാലെ നടന്ന സൈനിക നീക്കത്തില്‍ വന്‍ നാശമാണ് പാക് ഭാഗത്ത് ഉണ്ടായത്. ഫഌഗ് മീറ്റിംഗ് നടത്തണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും ഭാരതം തള്ളി.
അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയാണെന്നും പാക് സൈന്യം ആക്രമണം അവസാനിപ്പിക്കുന്നതുവരെ തുടര്‍ച്ചയായ ആക്രമണം നടത്താനും കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച നിര്‍ദ്ദേശം നല്കി. ഭാരത സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതിനു പിന്നാലെ കാര്യങ്ങള്‍ വേഗത്തില്‍ ശരിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു. വ്യോമസേനാ മേധാവി അരൂപ് രാഹയുടെ വസതിയില്‍ നിന്നു മടങ്ങുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇന്നലെ ജമ്മുകാശ്മീരിലെ സാംബ ജില്ലയിലെ ചില്യാരി ഗ്രാമത്തിനു നേരെ നടന്ന പാക് സേനയുടെ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ മരിച്ചു. 17 ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ 60 ഭാരത സൈനിക പോസ്റ്റുകള്‍ക്കു നേരെയും 36 ഗ്രാമങ്ങള്‍ക്ക് നേരെയും പാക് സൈന്യം ഇന്നലെയും വെടിവെപ്പ് നടത്തി. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ഏകദേശം 20,000ത്തോളം പേരെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ സുരക്ഷാ ഉപേദേഷ്ടാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അതിര്‍ത്തിയില്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കാന് തീരുമാനിച്ചത്. മൂന്നുസൈനിക മേധാവിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ എന്‍എസ്എ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 200 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും 700 കിലോമീറ്റര്‍ നിയന്ത്രണരേഖയിലും സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ യോഗം നിര്‍ദ്ദേശം നല്കി. കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലിയും സൈനികമേധാവിമാരുമായി ചര്‍ച്ച നടത്തി. കേന്ദ്രആഭ്യന്തരമന്ത്രി ബിഎസ്എഫ് മേധാവിയുമായി രണ്ടുതവണ ചര്‍ച്ചകള്‍ നടത്തി. ആഭ്യന്തരമന്ത്രി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിശദീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ജമ്മുവില്‍ നിന്നുള്ള എംപികൂടിയായ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ഇന്നലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.
പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഉചിതമായ മറുപടി നല്‍കുമെന്ന് കരസേന മേധാവി ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗും വ്യക്തമാക്കി. ബിഎസ്എഫിനൊപ്പം കരസേനയെക്കൂടി അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്. മാരക പ്രഹരശേഷയുള്ള ഹെവിമോര്ട്ടാറുകള് അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിച്ചിട്ടുണ്ട്. അതിര്‍ത്തി കാക്കാന്‍ എന്തുംചെയ്യുമെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡി.കെ പതക് പറഞ്ഞു. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കിക്കൊണ്ടിരിക്കുകയാണെന്നും പതക് പറഞ്ഞു.
പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഉചിതമായ മറുപടി നല്കാന് സുസജ്ജമാണെന്ന് ഭാരതം ഐക്യരാഷ്ട്രസഭയെ അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് പാക്കിസ്ഥാന് നടത്തിയ വെടിവെപ്പില്‍ 8 ഗ്രാമീണര്‍ക്ക് ജീവന് നഷ്ടമായത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഭാരതം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: